പരംപൂജ്യ വേദാനന്ദ സരസ്വതി സ്വാമികള്‍ സമാധിയായി

പരംപൂജ്യ വേദാനന്ദ സരസ്വതി സ്വാമികൾ സമാധിയായി .ഹൈന്ദവ സമാജ ഐക്യത്തിനും, പ്രബുദ്ധതയ്ക്കും വേണ്ടി മഹദനുഗ്രഹം ചൊരിഞ്ഞ യതിവര്യൻ, കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ ഗീതാ മന്ദിർ ആശ്രമം മഠാധിപതിയായിരിക്കവേയാണ് സമാധി പുൽകിയത് . ദേഹത്തിന് 76 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അന്താരാഷ്ട്ര ഭഗവത്ഗീതാ ആചാര്യനായ പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജിന്റെ നേരിട്ടുള്ള ശിഷ്യനാണ് പൂജ്യ വേദാനന്ദ സരസ്വതി മഹാരാജ്. ചിന്മയാമിഷനിൽ വളരെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.

പൂജ്യ സ്വാമിജി, സന്യാസി മാർഗ്ഗ ദർശക്മണ്ഡലിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.. റാന്നി ( പത്തനംതിട്ട) ഹിന്ദു മത പരിഷത്തിന്റേയും, നീർവിളാകം (ചെങ്ങന്നൂർ ) ഹൈന്ദവ സേവാ സമിതിയുടെയും രക്ഷാധികാരിയാണ്. കേരളത്തിലെ ഒട്ടുമിക്ക ധർമ്മ സംഘടനകളുടേയും മുഖ്യ ഉപദേശകനും, വഴികാട്ടിയുമാണ്. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിന്റെ നിറസാന്നിധ്യമായ ഈ യതീശ്വരൻ തൊടുപുഴ, പുത്തൻകാവ്, ചെങ്ങന്നൂർ, പെരുവ, എന്നീ സ്ഥലങ്ങളിൽ ആശ്രമം സ്ഥാപിക്കുകയും ഹിന്ദു സംഘടനകൾക്ക് ആ ആശ്രമങ്ങൾ ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 മുതൽ ളാക്കാട്ടൂർ ഗ്രാമത്തിൽ ചെറിയൊരു ആശ്രമം പുതിയതായി സ്ഥാപിച്ച് ലോകാനുഗ്രഹാർത്ഥം തപ സ്വാധ്യായ നിരതനായി വർത്തിക്കുകയായിരുന്നു. മുഖ്യ ശിഷ്യയായ ശാരദാനന്ദ സരസ്വതി മാതാജിയാണ് സ്വാമിജിയെ പരിചരിച്ചിരുന്നത്. കഴിഞ്ഞ 45 വർഷങ്ങളായി കേരളത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാനത്തിനു വേണ്ടി എല്ലാ സംഘടനകളേയും ഏകോപിപ്പിച്ചു കൊണ്ട് നിരവധി ഉജ്ജ്വല പ്രവർത്തനങ്ങൾ സ്വാമിജി നടത്തിവന്നിരുന്നു…

Related posts

Leave a Comment