കെ എം മാണിയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കാനാണ് തന്റെ സ്ഥാനാർഥിത്വം : ശൂരനാട് രാജശേഖരൻ

തിരുവനന്തപുരം : കെ എം മാണിയോടുള്ള അഭേദ്യമായ ബന്ധത്തെ തുടർന്നാണ് അഖിലേന്ത്യാ കോൺഗ്രസ്സിന്റെ എതിർപ്പ് മറികടന്ന് ഐക്യ ജനാധിപത്യമുന്നണിയുടേത് ആയിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന് നൽകിയതെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.എന്നാല്‍ മാണി സാറിന്റെ ചിന്തകളും കേരളസമൂഹത്തോടുള്ള പ്രതിബദ്ധതായും മറന്നുകൊണ്ട് മകൻ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ചെറിയ ആനുകൂല്യത്തിന് വേണ്ടി കെ എം മാണിയെ കയ്യേറ്റം ചെയ്യാനും ജയിലിൽ അടയ്ക്കാനും ശ്രമിച്ചവരുടെ കൂടെ ജോസ് കെ മാണി പോയി. ജോസ് കെ മാണി മത്സരിക്കുന്നത് കൊണ്ടുമാത്രമാണ് എതിർസ്ഥാനാർത്ഥിയാകുന്നതെന്ന് പറഞ്ഞ ശൂരനാട് രാജശേഖരന്‍ ഭൂരിപക്ഷമുള്ള ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശമുണ്ടെന്നും വ്യക്തമാക്കി.തിങ്കളാഴ്ചയാണ് ഡോ.ശൂരനാട് രാജശേഖരനെ ജോസ് കെ മാണിക്കെതിരെ രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പ്രഖ്യാപിച്ചത്. ജോസ് കെ മാണി നാമ നിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഈ മാസം 29നാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 16. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29ന് രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്.

Related posts

Leave a Comment