ബെംഗളൂരു: ഹിജാബ് (ശിരോവസ്ത്രം) വിഷയത്തിൽ ക്രമസമാധാനം തകർന്ന കർണാടകയിൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളും കോളെജുകളും അടച്ചിടാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിലെ വിവിധ സ്കൂളുകളിലും കോളെജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോൾ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്. ഇതു പല കോളെജുകളിലും വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പലേടത്തും കല്ലേറും ലാത്തിച്ചാർജുമുണ്ടായി. പെൺകുട്ടികൾക്കടക്കം പരുക്കേറ്റു.
കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈക്കോടതിയിൽ വിദ്യാർഥികൾ ഹർജി നൽകി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളെജിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹർജിയിൽ വിദ്യാർത്ഥികൾ ചൂണ്ടികാട്ടി. കർണാടകയിൽ വിവിധയിടങ്ങളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. വിദ്യാർഥികളോടും അധ്യാപകരോടും സ്കൂൾ, കോളേജ് മാനെജ്മെന്റുകളോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ മുഖ്യമന്ത്രി അഭ്യർഥിച്ചു.
ശിരോവസ്ത്ര വിവാദം: കർണാടകയിൽ സ്കൂളുകളും കോളെജുകളും അടച്ചു
