ഹിജാബ് വിവാദം: വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി

കർണാടക : ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി.ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്നും ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒരു ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഹിജാബായാലും ജീൻസായാലും ബിക്കിനിയായാലും തെരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ധരിക്കുന്നയാളിന്റെ തെരഞ്ഞെടുപ്പാണ് അന്തിമമെന്ന് സൂചിപ്പിച്ചാണ് ട്വീറ്റ്. പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിൽ തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടേയും പ്രതികരണം.പ്രിയങ്കാ ഗാന്ധിയുടേതിന് സമാനമായ നിലപാടാണ് വിഷയത്തിൽ രാഹുൽ ഗാന്ധിയും സ്വീകരിച്ചിരുന്നത്.
സരസ്വതി പൂജയുടെ ദിവസം ഓർമിപ്പിച്ച് കൊണ്ടാണ് രാഹുൽ ഗാന്ധി കർണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്. സരസ്വതി ദേവി എല്ലാവർക്കും അറിവ് നൽകുകയാണെന്നും ആരോടും യാതൊരും വേർതിരിവും കാണിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു.വിദ്യാർത്ഥിനികൾ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കിൽ അതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment