ഹൈസ്പീഡ് റെയിൽ: സിസ്ട്രയുടെ റിപ്പോർട്ടും അട്ടിമറിച്ചു, പദ്ധതി കേരളത്തിനു വിനാശകരമെന്നു വെളിപ്പെടുത്തൽ

ന്യൂഡൽഹി: കേരളത്തിലെ നിർദിഷ്ട സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് അന്താരാഷ്‌ട്ര കൺസൾട്ടൻസി സിസ്ട്ര മുന്നോട്ടുവച്ച നിർദേശങ്ങൾ പോലും അട്ടിമറക്കപ്പെട്ടെന്നു വെളിപ്പെടുത്തൽ. സംസ്ഥാനത്തെ പ്രധാന റെയിൽവേ സംവിധാനമായ ബ്രോഡ് ​ഗേജ് ലൈനുമായി ഒരു തരത്തിലും ബന്ധിപ്പിക്കാതെ, ഇവിടെ മാത്രമായി വേറൊരു ​ഗേജിൽ റയിൽപ്പാതയും ബോ​ഗികളും നിർമിക്കുന്നത് നിർദിഷ്ട പദ്ധതിക്ക് ഇപ്പോൾ നിശ്ചയിച്ചതിലും വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് റിട്ട. റയിൽവേ ചീഫ് എഞ്ചിനിയർ അലോക് വർമ്മ. പാതയുടെ നിർമാണത്തിനു മാത്രമല്ല, സംരക്ഷണത്തിനും ബോ​ഗികളുടെ നിർമാണത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രമുഖ അന്താരാഷ്‌ട്ര റെയിൽവേ കൺസൾട്ടൻസിയാണ് സിസ്ട്ര. ഫ്രാൻസ്, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഹൈ സ്പീഡ് റെയിൽവേ പദ്ധതികളുടെ പ്രാഥമിക പഠനങ്ങളും മറ്റും നിർവഹിച്ചത് സിസ്ട്രയാണ്. നാല് പതിറ്റാണ്ടിലധികം സേവന പാരമ്പര്യമുള്ള സിസ്ട്ര കഴിഞ്ഞ പത്തു വർഷമായി ഇന്ത്യയിലും പ്രവർത്തിക്കുന്നു. അഹമ്മദാബാദ്- മുംബൈ, മുംബൈ-ഡൽഹി, ബം​ഗളൂർ-ചെന്നൈ തുടങ്ങിയ അതിവേ​ഗ പാതകളുടെ സർവേകളും മറ്റും ഇവരാണ് നടത്തിയത്. ഈ പദ്ധതികളെല്ലാം ബ്രോഡ് ​ഗേജ് ലൈനുകളുടെ മാതൃകയിലാണ് വിഭാവന ചെയ്തത്,
സിസ്ട്രയിൽ താനുണ്ടായിരുന്ന കാലത്ത് തന്നെ കേരളത്തിലെ സെമി ഹൈ സ്പീഡ് പദ്ധതിയുടെ പ്രാഥമിക സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കിയിരുന്നതായി അലോക് വർമ വെളിപ്പെടുത്തി. പ്രാഥമിക സാധ്യത പഠന റിപ്പോർട്ട് ശുപാർശ ചെയ്തത് ബ്രോഡ് ഗേജ് പാതയാണ്. സാധ്യത റിപ്പോർട്ടിൽ മാർച്ച് 2019ൽ തന്നെ കെ റെയിൽ എംഡി പ്രതികരണമറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അലോക് വർമ്മ സിസ്ട്രയിലുള്ള സമയത്ത് സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ലെന്നാണ് കെ റെയിൽ വാദം. അന്തിമ സാധ്യത റിപ്പോർട്ട് തയ്യാറാക്കിയത് ഗൂഗിൾ എർത്ത് രീതി അവലംബിച്ചാണെന്ന് അലോക് വർമ്മ പറയുന്നു. ഗ്രൗണ്ട് സർവ്വേ നടത്തിയിട്ടില്ല. കേരളതിതിലെ ജനങ്ങളെ കെ റെയിലും ​ഗവണ്മെന്റും വ‍ഞ്ചിക്കുകയാണെന്നും അലോക് വർമ്മ കുറ്റപ്പെടുത്തി. കെ റെയിലിന്റെ അന്തിമ സാധ്യത റിപ്പോർട്ടും പദ്ധതി രൂപരേഖയും കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു കേരളത്തിന് അതീവ ​ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
ഒട്ടും ആലോചനയില്ലാതെയാണ് കെ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ടു പോകുന്നതെന്ന് ഡിഎംആർസി മുൻ ചെയർമാൻ ഇ.ശ്രീധരനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി കേരളത്തിന് അനുയോജ്യമല്ല. പാരിസ്ഥിതിക വെല്ലുവിളികൾ മാത്രമല്ല, സാമ്പത്തിക ബാധ്യതയും താങ്ങാനാവാത്തതാകുമെന്ന് ശ്രീധരൻ വ്യക്തമാക്കി.

Related posts

Leave a Comment