- കല്ലുകൾ പിഴുതെറിയുമെന്നു കെ. സുധാകരൻ
തിരുവനന്തപുരം: കമ്മിഷൻ കച്ചവടത്തിന്റെ പേരിൽ നടപ്പാക്കാനൊരുങ്ങുന്ന കെ റെയിൽ (സിൽവർ ലൈൻ) പദ്ധതിക്കെതിരേ സമരം കടുപ്പിക്കാൻ യുഡിഎഫ്. ഇതു സംബന്ധിച്ച പ്രക്ഷോഭത്തിന്റെ രീതി ആലോചിക്കാൻ യുഡിഎഫ് യോഗം ഇന്നു ചേരും. കന്റോൺമെന്റ് ഹൗസിൽ കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് രാവിലെ 11 മണിക്ക് നടക്കുക. സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. സിൽവർ ലൈനായുള്ള സർവേക്കല്ലുകൾ പിഴുതെറിയുമെന്ന് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞുവച്ചത്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷൻ വെല്ലുവിളി നടത്തി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരൻ്റെ ആക്ഷേപം. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാല്‍, അതിനെതിരേ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കണ്ണുതുറക്കുന്നില്ലെങ്കില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന സില്‍വര്‍ ലൈന്‍ സര്‍വെ കുറ്റികള്‍ പിഴുതെറിയും. ഇതിനെതിരേ ഉയരുന്ന പോലീസ് നടപടികളും നിയമനടപടികളും നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. കോടതി വിധിയെ ലംഘിച്ചുകൊണ്ടാണ് കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തുകയാണ്.
സില്‍വര്‍ ലൈന്‍ പ്രക്ഷോഭത്തിന്റെ രൂപരേഖ രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു. ലഘുലേഖ വിതരണം, പദ്ധതിക്കെതിരേയുള്ള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ ബോധവത്കരണ പരിപാടികളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി വിശദീകരിക്കാന്‍ പൗരപ്രമുഖരെ കാണുമ്പോള്‍ കോണ്‍ഗ്രസ് ജനങ്ങളുമായി സംവദിക്കും. വീടുവീടാന്തരം ഇതിനെതിരേ പ്രചാരണം നടത്തും.
റെയില്‍വെ ലൈന്‍ കടന്നുപോകുന്നിടങ്ങളില്‍ സമരകേന്ദ്രങ്ങള്‍, സമരസഹായ സമിതികള്‍ തുടങ്ങിയവ രൂപീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ നടത്തും. സില്‍വര്‍ലൈന്‍ മൂലം കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തും.
ഏതു കോണില്‍ നിന്നു നോക്കിയാലും സില്‍വര്‍ ലൈന്‍ പദ്ധതി ജനവിരുദ്ധവും നാടിന് അത്യന്തം ഹാനികരവുമാണ്. പാരിസ്ഥിതിക പഠനം, സാമൂഹികാഘാത പഠനം, ഡിപിആര്‍ തുടങ്ങിയ യാതൊരു തയാറെടുപ്പും ഇല്ലാതെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിക്കു ലഭിക്കുന്ന 5 ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്.
സില്‍വര്‍ ലൈനുവേണ്ടി ജപ്പാന്റെ ധനകാര്യ സ്ഥാപനമായ ജയിക്കയില് നിന്നാണ് വായ്പ എടുക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഈ സ്ഥാപനം കരിമ്പട്ടികയിലാണ്. കാലഹരണപ്പെട്ട ടെക്നോളജിയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ മൂന്നാം തലമുറ ടെക്നോളജി ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും വന്നു കഴിഞ്ഞു.
ടെണ്ടര്‍ നടപടികളൊന്നും സ്വീകരിക്കാതെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. ടെണ്ടര്‍ ഇല്ലാതെ കരാര്‍ നല്‍കിയതിനാണ് പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ലാവ്ലിന് കേസ് ഉണ്ടായത്. രണ്ടാം ലാവ്ലിന് കേസിനാണ് പിണറായി തുടക്കം കുറിക്കുന്നത്.
സില്‍വര്‍ ലൈന്‍ ലാഭകരമാക്കാന്‍ നിലവിലുള്ള റോഡുകളുടെയും റെയിലുകളുടെയും വളര്‍ച്ച മുരടിപ്പിക്കണമെന്ന ഡിപിആറിലെ നിര്‍ദേശം അത്യന്തം പിന്തിരിപ്പനാണ്. കെ റെയില്‍ മറയാക്കി 10757 ഹെക്ടര്‍ വനവും 1227 ഹെക്ടര്‍ റവന്യൂ ഭൂമിയും റിയല്‍ എസ്റ്റേറ്റിനു വിട്ടുകൊടുക്കുമ്പോള്‍ കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ച പൂര്‍ണമാകും.
വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത സബര്‍ബന്‍ റെയില്‍ പദ്ധതി വെറും 12,000 കോടി രൂപയ്ക്ക് നടപ്പാക്കാവുന്നതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയിലിന് 2000 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. കേരളം മൊത്തത്തില്‍ നടപ്പാക്കാന്‍ 12,000 കോടി രൂപയും. 160 കിമീ സ്പീഡില്‍ എല്ലാ 20 മിനിറ്റിലും അഞ്ചോ ആറോ ബോഗികളുള്ള ട്രെയിനുകള്‍ എല്ലായിടത്തും ലഭ്യമാക്കാന്‍ സാധിക്കുമായിരുന്നു. നിലവിലുള്ള ലൈനുകളിലെ സിഗ്നലുകള്‍ പരിഷ്കരിച്ചാല്‍ അനായാസം നടപ്പാക്കാവുന്ന പദ്ധതിയാണിത്.
കോയമ്പത്തൂര്‍, മംഗലാപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളെ കോര്‍ത്തിണക്കുന്ന ചെറുവിമാനങ്ങളുടെ കെ വിമാന പദ്ധതി മറ്റൊരു ബദലാണെന്നു സുധാകരന് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സമവായ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.