തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ കോവിഡ് കാലത്ത് നടന്നത് അസാധാരണ കൊള്ളയാണ്. മുഖ്യമന്ത്രിക്ക് ഈ കൊള്ളയിൽ പങ്കുണ്ട്. കൊവിഡിൻറെ മറവിൽ കൊള്ള നടക്കുകയാണെന്നും ഗുണനിലമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് വളരെ നേരത്തേ തന്നെ ആരോപണങ്ങളുയർന്നിട്ടും ഒരു തരത്തിലുമുള്ള അന്വേഷണത്തിനു സർക്കാർ തയാറായില്ല.
കെഎസ്ഇബി യിൽ കോടികളുടെ അഴിമതി നടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഹൈഡൽ ടൂറിസത്തിൻറെ മറവിൽ ഭൂമി താൽപ്പര്യമുള്ളവർക്ക് നൽകുന്നു. ഒന്നാം പിണറായി സർക്കാരിന്റ കാലത്തെ ഈ രണ്ട് അഴിമതിയും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വർണ കള്ളക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയപ്പോഴാണ് അന്വേഷണം നിലച്ചത്.
അന്വേഷണം എവിടെയെത്തിയെന്ന് പ്രതിപക്ഷത്തോടല്ല മുഖ്യമന്ത്രി ചോദിക്കേണ്ടത്. എസ് എൻ സി ലാവ്ലിൻ കേസിലും ബിജെപി കേന്ദ്ര നേതൃത്വവുമായി സിപിഎമ്മിന് ധാരണയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിൻറെ ആരോപണം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയടക്കം ആക്രമണമുണ്ടാകുന്നു. ഗുണ്ടകൾക്ക് സിപിഎം സംരക്ഷണം ഒരുക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ഭരണ സിരാ കേന്ദ്രത്തിൽ നഗരമധ്യത്തിൽ ഇന്നും കൊലപതാകം അരങ്ങേറി. നാട്ടുകാർ നോക്കി നിൽക്കെ തിരക്കുള്ള ഹോട്ടലിൽ കടന്നു കയറി അവിടെ ജോലിയ ചെയ്യുകയായിരുന്ന റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് തലസ്ഥാന നഗരം.