കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ വിസിയായി ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചില്ല. നിയമനം റദ്ദാക്കണമെന്ന് ആയിരുന്നു ഹർജിയിലെ ആവശ്യം. വൈസ് ചാൻസിലർ നിയമനത്തിന് സർവകലാശാല അനുശാസിക്കുന്ന യോ​ഗ്യത ഡോ. ​ഗോപിനാഥിനില്ലെന്നാണ് ഹർജിക്കാരുടെ വാദം. വിസി നിയമനത്തിലടക്കം വലിയ തരത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകൾ നടക്കുന്നതായി ചാൻസിലർ കൂടിയായ ​ഗവർണറുടെ വെളിപ്പെടുത്തലും വിസിക്കു വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ഇടപെടലുകളും വലിയ വിവാദമായിരുന്നു.
ഗവ‍ർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹ‍ർജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുളളത്.

Related posts

Leave a Comment