സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല

കൊച്ചി: സർക്കാർ സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കർശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈകോടതി. വിഷയത്തിൽ ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ നിലപാട് അന്വേഷിച്ചു. സ്ത്രീധന നിരോധന ഓഫീസർമാരുടെ നിയമനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജിയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഹൈകോടതി നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങരുതെന്ന വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കണം, ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്‌ട്രേഷൻ നടത്താവൂ തുടങ്ങിയവയായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.

പെരുമ്പാവൂർ സ്വദേശിയായ വിദ്യാഭ്യാസ വിദ​ഗ്ധ ഡോ.ഇന്ദിരാ രാജൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശങ്ങൾ. സംസ്ഥാനത്ത് വിസ്മയ കേസടക്കം നിരവധി സ്ത്രീപീഡന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈകോടതിയുടെ ഇടപെടൽ.

Related posts

Leave a Comment