ചുരുളിയിലെ തെറി, പൊലീസ് സിനിമ കാണുന്നു, റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും

കൊച്ചി: സെൻസർ ബോർഡ് പരിശോധിച്ചു സർട്ടിഫൈ ചെയ്യേണ്ട ചലച്ചിത്രത്തിലെ അശ്ലീല സംഭാഷണം പരിശോധിക്കാൻ ഹൈക്കോടതി ഇടപെട്ടു. വിവാദ സിനിമ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയാണു പൊലീസിനു നിർദേശം നൽകിയത്. പൊലീസ് നിയോ​ഗിക്കുന്ന ഉയർന്ന ഉദ്യോ​ഗസ്ഥർ സിനിമ കണ്ട് റിപ്പോർട്ട് തയാറാക്കും. സിനിമയിലെ അശ്ലീല സംഭാഷണങ്ങളിൽ ഹൈക്കോടതി നേരിട്്ട ഇടപെടുന്നതും പൊലീസിനെ നിയോ​ഗിച്ചു പരിശോധിക്കുന്നതും കേരളത്തിൽ ആദ്യമാണ്.
സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി കുറച്ച് ദിവസം മുൻപ് ഡിജിപിയ്ക്ക് നിർദേശം നൽകിയിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment