സംസ്ഥാനത്ത് മുൻകരുതലിന് ഡിജിപിയുടെ നിർദേശം, ജാഥകളും യോ​ഗങ്ങളും വിലക്കി

തിരുവനന്തപുരം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂ.
സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പോലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
അതേ സമയം, മണ്ണഞ്ചേരിയിലും ആലപ്പുഴ നഗരഹൃദയത്തിലും കൊലപാതകങ്ങൾ നടന്നപ്പോൾ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്. രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം പോലീസ് ഒട്ടുംപ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രഞ്ജിത്ത് അത്തരത്തിൽ അക്രമികൾ ലക്ഷ്യമിട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴനഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ വടക്കുമാറി മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാൻ കൊലചെയ്യപ്പെട്ട് 11 മണിക്കൂർ തികയുന്നതിനുമുൻപ് നഗരഹൃദയത്തിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തിൽ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതിൽ പോലീസ് ഇന്റലിജൻസിന് വീഴ്ചപറ്റിയെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു.

Related posts

Leave a Comment