ഹോട്ടലില്‍ ഭക്ഷണംഃ തീരുമാനം ഇന്ന്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നു തീരൂമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നത്, ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മദ്യം കഴിക്കുന്നത്, കോവിഡ് കാലത്ത് ഉയര്‍ത്തിയ ഉയര്‍ന്ന ബസ് യാത്രക്കൂലി പിന്‍വലിക്കല്‍, ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് ഇന്നു ചര്‍ച്ച

ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.

തീയറ്ററുകള്‍ തുറക്കണമെന്ന ആവസ്യം ശക്തമാണെങ്കിലും ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

അതിനിടെ, സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍ : സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്കൂള്‍ മാനേജ്മെന്‍റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്കൂള്‍ ബസുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായവും തേടേണ്ടതാണ്. സ്കൂള്‍ വാഹനങ്ങള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.

എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.

ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related posts

Leave a Comment