മറച്ചുവെച്ച മരണക്കണക്ക് കൂടുന്നു; അപ്പീൽ അപേക്ഷകൾ 20,101 കടന്നു

തിരുവനന്തപുരം: സർക്കാർ ഒളിപ്പിച്ചുവെച്ച കൂടുതൽ മരണക്കണക്കുകൾ പുറത്തേക്ക്. ഔദ്യോഗികമായി ഇതുവരെ പറഞ്ഞതൊന്നുമല്ല യഥാർത്ഥ മരണങ്ങളെന്നത് സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ ലഭിച്ച അപ്പീൽ അപേക്ഷകൾ പരിശോധിക്കുമ്പോൾ വ്യക്തം. ഒരുമാസത്തിനിടെ, 21,101 പേരാണ് സർക്കാർ മറച്ചുവെച്ച മരണങ്ങൾ ചൂണ്ടിക്കാട്ടി അപ്പീൽ അപേക്ഷകൾ നൽകിയിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനായി സർക്കാർ നടത്തിയ കള്ളക്കളികൾ ഇതോടെ പൊളിയുകയാണ്. നേരത്തെ, പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഒളിപ്പിച്ചു വെച്ച മരണങ്ങൾ ഘട്ടംഘട്ടമായി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത്.


കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ വന്ന അപേക്ഷകളിൽ 20101 പേരും നേരത്തെ സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടവരല്ല. ഇന്നലെ വരെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണങ്ങളുടെ എണ്ണം 33,048 ആണ്. ഇന്നലെ 64 മരണങ്ങളും അപ്പീൽ വഴിയുള്ള 111 മരണങ്ങളും നേരത്തെ സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 157 മരണങ്ങളും ഉൾപ്പെടെയാണിത്. ഇന്നലത്തേത് ഉൾപ്പെടെ അപ്പീൽ അപേക്ഷയിൽ വന്ന 3786 മരണങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ മരണസംഖ്യ ഉയരുമെന്നുറപ്പാണ്. നഷ്ടപരിഹാരത്തിനായി സുപ്രീംകോടതി മാർഗനിർദേശം കണക്കിലെടുത്ത് കഴിഞ്ഞ മാസം 22 മുതലാണ് സർക്കാർ പഴയ മരണം ഉൾപ്പെടുത്തി പുറത്തുവിടാൻ തുടങ്ങിയത്. 4614 മരണം ആണ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതിൽ 3283 ഉം ഈ മാർഗനിർദേശങ്ങൾ വരുന്നതിന് മുൻപ് സർക്കാർ തന്നെ പട്ടികയിൽ നിന്നൊഴിവാക്കിയവയാണ്.


അതായത് ആദ്യഘട്ടത്തിൽ സർക്കാർ തന്നെ മരണങ്ങളെ പട്ടികയ്ക്ക് പുറത്തുനിർത്തിയെന്ന വാദങ്ങളെ സാധൂകരിക്കുന്നതാണ് ഈ കണക്കുകൾ. മതിയായ രേഖകളില്ലാതരുന്നതിനാൽ അന്ന് ഉൾപ്പെടുത്തിയില്ല എന്നാണ് ഇതിനുള്ള വിശദീകരണം. അതേസയം പഴയ മരണങ്ങൾ പുറത്തു വിടുമ്പോൾ ഇതിലെ പേരുകൾ, വയസ്സ്, മരിച്ച ദിവസം എന്നീ വിവരങ്ങൾ ഇതിനൊപ്പമില്ല. ഇതിനാൽ തന്നെ എന്ത് കാരണത്താൽ, ഏതു സാഹചര്യത്തിൽ ഒഴിവാക്കപ്പെട്ടു എന്ന് ഇത് പരിശോധിക്കുന്ന ആർക്കും അറിയാനാകില്ല. ആയതിനാല്‍ അതത് കുടുംബങ്ങൾക്ക് ഈ വിവരങ്ങൾ സർക്കാർ പോർട്ടലിൽ നിന്ന് അറിയാമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

Related posts

Leave a Comment