24 മണിക്കൂർ, 100 വേദി, 1,00,000 മെൻസ്ട്രൽ കപ്പുകൾ, ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയുമായി ഹൈബി ഈഡൻ എം.പി

കൊച്ചി: ആർത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വ അവബോധം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പരിപാടി ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. ഉപഭോക്തൃ സൗഹൃദവും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവും ലാഭകരവുമായ മെൻസ്ട്രൽ കപ്പിനെ കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്തുകയും ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്നതുമാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി. ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി എറണാകുളം ജില്ലാ ഭരണകൂടം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) കൊച്ചി എന്നിവരുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ആഗസ്റ്റ് 30 നു വൈകിട്ട് ആരംഭിച്ച് 31 ന് വൈകിട്ട് സമാപിക്കുന്ന തരത്തിൽ എറണാകുളം പാർലമെൻറ് മണ്ഡലത്തിന്റെ പരിധിയിൽ 100 വേദികളിലായി 24 മണിക്കൂറിനുള്ളിൽ, ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പ്രധാന പരിപാടി. മെൻസ്ട്രൽ കപ്പ് വിതരണം എന്നതിനപ്പുറം സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള ശക്തമായ ചുവട് വെയ്പ്പായി കപ്പ് ഓഫ് ലൈഫ് പരിപാടി മാറുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ഹൈബി ഈഡൻ എം.പി, എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്, മുത്തൂറ്റ് ഫിനാൻസ് എം.ഡി അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ്, കപ്പ് ഓഫ് ലൈഫ് ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഡോ. ജുനൈദ് റഹ്മാൻ, ഐ എം എ കൊച്ചി പ്രസിഡൻ്റ് ഡോ. മരിയ വർഗീസ് , ഐ എം എ കൊച്ചി വൈസ് പ്രസിഡൻ്റ് എം.എം. ഹനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment