വൈപ്പിനെയും സ്മാർട്ട് ആക്കാൻ നടപടിയുണ്ടാകണമെന്ന് ഹൈബി ഈഡൻ എം. പി

ഗോശ്രീ ഇൻലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയെ കാര്യക്ഷമമായി ഉപയോഗിച്ച് വൈപ്പിനെ കൂടി സ്മാർട്ട് ആക്കാൻ നടപടിയുണ്ടാകണമെന്ന് ഹൈബി ഈഡൻ എം. പി. സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം നടന്ന വേദിയിലാണ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ എം. പി ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി ചെയർമാനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ജിഡയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരു തവണയാണ് യോഗം ചേർന്നിട്ടുള്ളത്. ആറു മാസത്തിലൊരിക്കൽ യോഗം കൂടണമെന്നതാണ് നടപടി ക്രമം.

കൃത്യമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചു യോഗം ചേരേണ്ടതു ഏറെ അത്യാവശ്യമായ കാര്യമാണ്. ആയതിനാൽ പുതിയ എം. എൽ. എ മാരെ കൂടി ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേർണിംഗ് കൗൺസിലും അടിയന്തിരമായി ചേരാനുള്ള നടപടി സ്വീകരിക്കണമെന്ന് എം. പി ആവശ്യപ്പെട്ടു.വൈപ്പിന്റെ പശ്ചാത്തല വികസനത്തിലടക്കം ജിഡ വഹിച്ച പങ്ക് വളരെ വലുതാണ്. എറണാകുളം നഗരത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലങ്ങൾ നിർമ്മിച്ചത് ജിഡ ഫണ്ടുപയോഗിച്ചാണ്. കൃത്യമായ യോഗങ്ങൾ നടക്കാത്തത് മൂലം പ്രവർത്തികളുടെ തുടർ നടപടികൾ സ്വീകരിക്കുവാൻ സാധിച്ചിട്ടില്ല. അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് എം. പി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment