രാജ്യത്തിൻ്റെ അഭിമാനമുയർത്തുന്ന ഡോക്ടർമാരായി മാറണമെന്ന് മെഡിക്കൽ വിദ്യാർത്ഥികളോട് ഹൈബി ഈഡൻ എം.പി

നെടുമ്പാശ്ശേരി: കൊവിഡ് മൂലം പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് പുതിയ പ്രതീക്ഷയാണ് മെഡിക്കൽ വിദ്യാർഥികളുടെ ജോർജിയയിലേക്കുള്ള യാത്രയെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കൊവിഡിനെ തുടർന്ന് 2020 ജനുവരിയിൽ ചൈനയിൽ നിന്നും തിരിച്ചെത്തിയ ശേഷം പിന്നീട് മടങ്ങി പോകാൻ കഴിയാതിരുന്ന മെഡിക്കൽ വിദ്യാർഥികൾ തുടർ പഠനത്തിനായി ജോർജിയയിലേക്ക് പോകുന്നതിനുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുള്ള 60 ഓളം വിദ്യാർഥികൾക്കാണ് ജോർജിയയിൽ തുടർ പഠനത്തിന് അവസരമൊരുങ്ങിയത്. നിരവധി വിദ്യാർഥികൾ പഠനം തുടരാനാകാതെ ഇപ്പോഴും നിരാശരായി കഴിയുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർഥികൾ നമ്മുടെ രാജ്യത്തിന്റെ അംബാസിഡർമാരാണെന്ന് മറക്കരുതെന്നും ഭാരത സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ഇപ്പോഴും തിരികെ പോകാൻ അനുമതിയില്ല. പുറമെ നിന്നുള്ളവർക്ക് പ്രവേശനാനുമതി നൽകാൻ ചൈന തയ്യാറാകാത്തതാണ് കാരണം. ഇത്തരത്തിൽ തുടർ പഠനം പ്രതിസന്ധിയിലായ നിരവധി വിദ്യാർഥികളാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ നിന്നും 60 പേരുടെ ആദ്യ സംഘത്തിനാണ് ജോർജിയയിൽ അവസരം ലഭിച്ചിരിക്കുന്നത്. തളിപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സീക്കോ ഇൻ്റർനാഷണൽ എന്ന സ്ഥാപനമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിയിൽ എത്തിയ വിദ്യാർഥികൾ ഇന്ന് ജോർജിയൻ എംബസിയുടെ പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ജോർജിയയിലേക്ക് യാത്രയാകും. സീക്കോ ഇൻ്റർനാഷണൽ എം.ഡി സി. അബ്ദുൾ ഖാദർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കാൻ അക്ഷീണം പ്രയത്നിച്ച ശശി തരൂർ എം.പിക്ക് പ്രത്യേക നന്ദിയും അറിയിച്ചു.. മുൻ മന്ത്രി എസ്. ശർമ്മ, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞ്, സീക്കോ ഡയറക്ടർ ഡോ: ജുനൈദ്, റിജിൻ മാക്കുറ്റി, എം.എ സുധീർ, സീന മാലിക് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment