കഷണ്ടി മാറാൻ ഇനി ഹെൽമറ്റ് വെച്ചാൽ മതി

പട്‌ന: കഷണ്ടി ചികിത്സയ്ക്ക് എല്‍ഇഡി ലേസര്‍ ഹെല്‍മറ്റ് വികസിപ്പിക്കുന്നു. പട്‌ന എയിംസ് ആശുപത്രിയിലാണ് പുതിയ പരീക്ഷണം.

ദിവസം മൂന്നു മണിക്കൂര്‍ വീതം നാലു മാസത്തോളം ഹെല്‍മറ്റ് ധരിച്ചു ലേസര്‍ ചികിത്സ നടത്തിയാല്‍ കഷണ്ടി മാറുമെന്നാണ് എയിംസ് ന്യൂറോ ഫിസിയോളജി വകുപ്പിന്റെ അവകാശവാദം.

കഷണ്ടി നിവാരണത്തിന് ഉതകുന്ന 32 തരം ലേസര്‍ രശ്മികള്‍ ഹെല്‍മറ്റില്‍ നിന്നു തലയിലെ തൊലിപ്പുറത്തേക്കു പ്രവഹിപ്പിക്കുന്നതാണു ചികിത്സാ രീതി. പട്‌ന ഐഐടിയുടെ സഹകരണത്തോടെയാണ് ഹെല്‍മറ്റ് മാതൃക രൂപപ്പെടുത്തിയിരിക്കുന്നത്. ഹെല്‍മറ്റ് മാതൃകയ്ക്കും തെറാപ്പിക്കും പേറ്റന്റ് നേടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പേറ്റന്റ് ലഭിച്ച ശേഷം ഹെല്‍മറ്റ് മാതൃക പുറത്തിറക്കും.തൊലിപ്പുറത്തു മുടി ഏറ്റവുമധികം കാലം നില്‍ക്കേണ്ട ഘട്ടം പെട്ടെന്ന് അവസാനിക്കുന്നതാണു കഷണ്ടിക്കു കാരണം. ലേസര്‍ ചികിത്സ വഴി ത്വക്കിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ രോമവളര്‍ച്ചയുടെ ആദ്യഘട്ടം ദീര്‍ഘിപ്പിച്ചു മുടി ആരോഗ്യമുള്ളതാക്കും. കഷണ്ടി ചികിത്സയില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമായിരിക്കും എല്‍ഇഡി ലേസര്‍ ഹെല്‍മറ്റ് എന്നാണ് പട്‌ന എയിംസിലെ ന്യൂറോ ഫിസിയോളജി ഗവേഷകരുടെ പ്രതീക്ഷ.

Related posts

Leave a Comment