ഓർമയിൽ ഇന്ന് : ഹെവി വെഹിക്കിള്‍ ഫാക്ടറിക്ക് തുടക്കം കുറിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവിക്ഷണം ഇന്ത്യന്‍ കരസേനയ്ക്ക് കരുത്ത് പകര്‍ന്ന ദിവസം. കരസേനയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ടാങ്കുകള്‍, യുദ്ധ വാഹനങ്ങള്‍, മുതലായവ തദ്ദേശിയമായി നിര്‍മ്മിക്കാനായി തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്ത് ആവടി എന്ന സ്ഥലത്ത് ഹെവി വെഹിക്കിള്‍ ഫാക്ടറിക്ക് തുടക്കം കുറിച്ചത് 1961 നവംബര്‍ 12ാം തിയ്യതിയാണ്.

സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് സ്വന്തമായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയോ നിര്‍മ്മാണത്തിനാവശ്യമായ ഭൗതിക സാഹചര്യമോ ഇന്ത്യക്കുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് കരസേനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. കനത്ത സാമ്പത്തിക നഷ്ടത്തോടൊപ്പം നമ്മുടെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും മറ്റ് രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകുവാന്‍ ഇത് കാരണമാകുമായിരുന്നു. ഈ സാഹചര്യത്തിന് അറുതി വരുത്തണമെങ്കില്‍ ഇന്ത്യക്കാവശ്യമായ യുദ്ധ വാഹനങ്ങളും മറ്റും ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കണമെന്ന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തീരുമാനിക്കുകയും തുടര്‍ന്ന് ചെന്നൈക്കടുത്തുള്ള ആവടിയില്‍ ഫാക്ടറി സ്ഥാപിക്കുകയുമായിരുന്നു.

ആവടി ഹെവി വെഹിക്കിള്‍ ഫാക്ടറി സ്ഥാപിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കരസേനകളില്‍ ഒന്ന് എന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ച വളരെ പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമായി. ആദ്യ തദ്ദേശീയ പാറ്റണ്‍ ടാങ്കായ വിജയാന്ത, അര്‍ജുന്‍ ടാങ്കുകള്‍, ടി-90 ടാങ്കുകള്‍, ടി-72 ടാങ്കുകള്‍, ബ്രിഡ്ജ് ലയര്‍ ടാങ്ക്, ട്രാല്‍സ് തുടങ്ങിയ അനേകം യുദ്ധ വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ആവടിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയിലാണ്.

അരുണ്‍ മണമല്‍,വി. വി. സുധാകരന്‍

Related posts

Leave a Comment