കനത്ത മഞ്ഞ്; യുഎസിൽ 60 വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 മരണം

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ദേശീയപാതയിൽ അറുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഷൂയിൽകിൽ കൗണ്ടിയിലെ ഇന്റർസ്റ്റേറ്റ് 81 ഹൈവേയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാറുകളും ട്രാക്ടർ ട്രെയിലറുകളും ട്രക്കുകളുമുൾപ്പെടെയുള്ള വാഹനങ്ങൾ കുട്ടിയിടിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡ്രൈവർമാർക്ക് വ്യക്തമായി റോഡ് കാണാൻ കഴിയാതെ വന്നതാണ് അപകട കാരണം. മഞ്ഞുമൂടിയ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങൾ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാറുകൾ റോഡിൽ നിന്ന് തെന്നിമാറുന്നതും ട്രക്കുകൾ കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ കാണാം. ഡ്രൈവർമാരിൽ ചിലർ രക്ഷതേടി വാഹനത്തിൽനിന്ന് പുറത്തിറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൂട്ടിയിടിയെത്തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുന്നതും ഇവയിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നതും വീഡിയോകളിൽ കാണാം.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. ഇത് അടിയന്തര രക്ഷാപ്രവർത്തനത്തേയും സാരമായി ബാധിച്ചു. രക്ഷാപ്രവർത്തകരെത്തിയാണ് അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

Related posts

Leave a Comment