കനത്ത മഴയിൽ വീടുകൾ പുഴയിൽ നിലംപൊത്തുന്ന അവസ്ഥയിൽ

നെടുമ്പാശ്ശേരി: രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ പെരിയാർ തീരങ്ങൾ ഇടിഞ്ഞു വീടുകൾ പുഴയിൽ നിലംപൊത്തുന്ന അവസ്ഥയിൽ. ചെങ്ങമനാട് പഞ്ചായത്തിലെ 15-ാം വാർഡിൽ കിഴക്കേദേശം കടത്ത് കടവിന് സമീപം ‘സാഫല്യം ‘വീട്ടിൽ സാവിത്രി അന്തർജനത്തിന്റെ ഇരുനില കോൺക്രീറ്റ് വീടാണ് ഏത് നിമിഷവും പെരിയാറിൽ അമരുന്ന അവസ്ഥയിലായിരിക്കുന്നത്. സാവിത്രി അന്തർജനവും മകൾ സിന്ധുവും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. 11 സെന്റ് സ്ഥലത്താണ് വീടും പറമ്പുമുള്ളത്. വീടിന് രണ്ട് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. ഞായറാഴ്ച രാവിലെയാണ് വീടിനോട് ചേർന്ന് തെക്ക് വശത്ത് സ്ഥിതി ചെയ്തിരുന്ന തെങ്ങ്, മാവ്, കവുങ്ങ്, തേക്ക് തുടങ്ങിയ ഫലവൃക്ഷങ്ങളടക്കം കരിങ്കൽകെട്ട് തകർന്ന് പെരിയാറിൽ അമരുകയും വീടിനോട് ചേർന്ന അടിമണ്ണ് ചൂഴ്ന്ന് ഇടിഞ്ഞ നിലയിലും കണ്ടെത്തിയത്.

വീടിനോട് ചേർന്ന പുഴ തീരത്തെ തെങ്ങ് ചെരിഞ്ഞ് പുഴയിൽ നിലം പൊത്തുന്ന അവസ്ഥയിലാണ്. തെങ്ങ് മറിഞ്ഞാൽ വീടും പുഴയിൽ നിലം പൊത്തുന്ന അവസ്ഥയിലാണ്. സമീപത്തെ അഞ്ചോളം വീടുകളിലെ പെരിയാർ തീരത്തെ കൃഷിയിടങ്ങൾ പെരിയാറിൽ അമർന്നിരിക്കുകയാണ്. സംഭവമറിഞ്ഞ് ചെങ്ങമനാട് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വിട്ടുകാരോട് അവിടെ നിന്ന് മാറി താമസിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, വാർഡംഗം നൗഷാദ് പാറപ്പുറം അടക്കം ജനപ്രതിനിധികളും പ്രദേശം സന്ദർശിച്ച് സുരക്ഷ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

Related posts

Leave a Comment