ശക്തമായ മഴ സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 11ന് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ജില്ലകളിൽ അതേദിവസം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും ആഗസ്റ്റ് പത്തിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ശക്തമായ മഴയെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ അധികൃതരോടു സഹകരിക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. തീര പ്രദേശത്തു കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെക്കരുതി മാറിത്താമസിക്കാൻ തയാറാകണം.
സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽനിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകട സാഹചര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ട സ്ഥിതിയുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

Related posts

Leave a Comment