പതിനാറാംകണ്ടത്ത് മണ്ണിടിച്ചിൽ നാല് പേർക്ക് പരുക്ക്, പൂയംകുട്ടിയിൽ പാലം മുങ്ങി, കനത്ത മഴ 5 ദിവസം കൂടി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണു. നാലുപേർക്ക് നി‌സാര പരുക്കേറ്റു, വീട് ഭാ​ഗികമായി തകർന്നു. പതിനാറാംകണ്ടം ചോട്ടുപുറത്ത് എൽസമ്മയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ എൽസമ്മയും മക്കളുമടക്കം നാലു പേർ വീട്ടിലുണ്ടായിരുന്നു. ഇവർക്ക് നിസാര പരുക്കേറ്റു.
കനത്ത മഴയെ തുടർന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ പാലം. പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പാലം മുങ്ങിയാൽ അത്യാവശ്യക്കാർക്ക് മറുകരയെത്താൻ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പാലത്തിലെ വെള്ളമിറങ്ങാൻ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

Related posts

Leave a Comment