മഴ തുടരുന്നു, ഏലപ്പാറയിൽ മണ്ണിടിഞ്ഞുവീണ് സ്ത്രീ തൊഴിലാളി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിലാണ് മഴ ശക്തം. കനത്ത മഴയിൽ നാശനഷ്ടങ്ങളും പെരുകുന്നു. ഇടുക്കി ഏലപ്പാറയിൽ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പയാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തു. ഇന്നു പുലർച്ചെയാണ് സംഭവം. തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന ലയം ഭാ​ഗികമായി തകർന്നു. ലയത്തിനു പിന്നിലെ മണ്ണാണ് ഇടിഞ്ഞത്. പ്രദേശത്ത് കനത്ത മഴയാണ്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു പ്രവചനം. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ എറണാകുളം വരെയും പാലക്കാട്,വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രതപാലിക്കണം. കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച വരെ തുടരും. കാലാവർഷക്കാറ്റുകൾ ശക്തി പ്രാപിക്കുന്നതിനൊപ്പം ജാർഖണ്ഡിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരരുമെന്നാണ് മുന്നറിയിപ്പ്.

Related posts

Leave a Comment