മുല്ലപ്പെരിയാർ ഷട്ടറുകൾ അടച്ചു, മൂന്നുദിവസം കൂടി മഴ തുടരും

ഇടുക്കി: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ ഇന്നലെ രാത്രിയും ഉരുൾ പൊട്ടലുണ്ടായി. ആൾപ്പാർപ്പില്ലാത്ത സ്ഥലത്താണ് മണ്ണിടിച്ചിലും വെള്ളപ്പാച്ചിലുമുണ്ടായത്. ആളപായമില്ലെങ്കിലും കനത്ത കൃഷി നാശം സംഭവിച്ചു. ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നു കൂട്ടിക്കൽ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം സന്ദർശനം മറ്റിയേക്കും.
ഇടുക്കി ജില്ലയിലും മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള ജലപ്രവാ​ഹം കുറഞ്ഞ സാഹചര്യത്തിൽ മൂന്നു ഷട്ടറുകൾ കൂടി ഇന്നലെ അടച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ വൈകാരിക സമീപനമല്ല വേണ്ടതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു. ഇരുസർക്കാരുകളും തമ്മിൽ ചർച്ച ചെയ്യാം എന്ന തമിഴ്‌നാട് നിലപാട് പ്രതീക്ഷ നൽകുന്നതാണ്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത് കൂടുതൽ ജലം ലഭിക്കുന്നതിനാണ്. ആവശ്യത്തിന് ജലം നൽകാൻ കേരളം തയാറാണ്. പുതിയ അണക്കെട്ടും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി
ഇരുസർക്കാരുകളും തമ്മിൽ ചർച്ച ചെയ്തു യോജിപ്പിലെത്തുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം ഉണ്ടായി വരുന്നത് പ്രതീക്ഷ നൽകുന്നതാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ കൂടുതൽ അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment