മഴ ശക്തം, തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കിട്ടി, കന്യാകുമാരി പാതയിൽ ട്രെയ്ൻ സർവീസ് മുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. തെക്കൻ കേരളത്തിൽ മഴ കനത്ത നാശം വിതച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് തകരാറിലായ തിരുവനന്തപുരം- കന്യാകുമാരി റെയിൽപ്പാതയിലെ മണ്ണ് നീക്കം ചെയ്തു തീർന്നില്ല. ഇതുവഴി ​ഗത​ഗാതം തടസപ്പെട്ടിരിക്കയാണ്. കനത്ത മഴയും നാശനഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതാ നിർദേശം നൽകി. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.


മഴക്കെടുതിയിൽ ഒരു സ്ത്രീ മരിച്ചു. നെയ്യാറ്റിൻകര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേ​ഹം കിട്ടിയത്. ഒഴുക്കിൽപെട്ടതാകാമെന്നാണ് പ്രാഥമിക നി​​ഗമനം. കൊല്ലത്തും മഴ തുടരുകയാണ്. കുളത്തൂപ്പുഴ ആര്യങ്കാവ് അടക്കം കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ്. പുനലൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കല്ലടയാറ്റിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങൾ ഇല്ല. മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് , അച്ചൻകോവിൽ , കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകട സാധ്യതയും കണക്കിലെടുത്താണ് തീരുമാനം
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി ഉയർന്നു. 2399.03 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മഴ തുടർന്നാൽ അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ കെ എസ് ഇ ബി ഇന്ന് തീരുമാനം എടുത്തേക്കും. മുല്ലപ്പെരിയാർ ജലനിരപ്പ് 139.85 അടിയായും ഉയർന്നിട്ടുണ്ട്.വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. എന്നാൽ നീരൊഴുക്ക് ശക്തമല്ല. എങ്കിലും റെഡ് അലർട്ടിനു സമാനമായ സാഹചര്യങ്ങളാണു നിലവിലുള്ളത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment