മഴയും കാറ്റും ശക്തമാകും; മുല്ലപ്പെരിയാർ, ആളിയാർ, കല്ലാർ ഡാമുകൾ തുറന്നു


കൊച്ചി:നവംബർ 25 മുതൽ നവംബർ 26 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയും ശക്തമാകും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക, തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണു പ്രവചനം. അറബിക്കടലിൽ ചക്രവാതചുഴി നിലനിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. മുല്ലപ്പെരിയാർ, ആളിയാർ (പാലക്കാട്), ഇടുക്കിയിലെ നെടുംകണ്ടം കല്ലാർ ഡാം എന്നിവയുടെ ഷട്ടറുകളാണു തുറന്നത്. മുല്ലപ്പെരിയാറിലെ 7 സ്പിൽവേ ഷട്ടറുകൾ തുറന്നു. ഇതിൽ 3 ഷട്ടറുകൾ 60 സെൻറീ മീറ്ററും നാലു ഷട്ടർ 30 സെൻറീ മീറ്ററുമാണ് തുറന്നിരിക്കുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. ഇന്നലെ രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു. വൈകിട്ട് ആദ്യം നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറന്നക്കുകയായിരുന്നു. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.
വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്. കൂടുതൽ ഷട്ടറുകൾ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് താഴ്ന്നേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി.

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 21 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 4500 ക്യൂസെക്സ് ജലമാണ് തുറന്നുവിടുന്നത്. ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ഇടുക്കി നെടുംകണ്ടം കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Related posts

Leave a Comment