കേരളത്തിൽ പരക്കെ മഴ, ശക്തമായ കാറ്റിനു സാധ്യത, അണക്കെട്ടുകൾ നിറയുന്നു, ജാ​ഗ്രതാ നിർദേശം

കൊച്ചി: ഇരട്ട ന്യൂനമർദ്ദത്തിന്റെ പിടിയിലായ കേരളത്തിൽ വ്യാപകമായ കനത്ത മഴ. തെരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള മുഴുവൻ ജില്ലകളിലും രാവിലെ ശക്തമായ മഴയാണു പെയ്യുന്നത്. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തുണ്ടായ ചുഴലിക്കാറ്റുമാണ് കേരള തീരത്ത് ശക്തമായ കാറ്റോടുകൂടിയ മഴ പെയ്യിക്കുന്നത്. തെക്കൻ കേരളത്തിൽ ഇന്നു പുലർച്ചെ മുതൽ മഴ ശക്തമായി.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജാ​ഗ്രതാ നിർദേശമുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഫലമായും റീസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസർവോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. റിസർവോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാൽ, 2021 ഒക്ടോബർ 11 മുതൽ 20 വരെയുള്ള കാലയളവിൽ റിസർവോയറിൽ സംഭരിക്കുവാൻ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പർ റൂൾ ലെവൽ) 978.83 മീറ്റർ ആണ്.
കക്കി-ആനത്തോട് റിസർവോയറിന്റെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റർ, 977.83 മീറ്റർ, 978.33 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തിൽ ജലനിരപ്പ് ചേർന്നതിനാൽ 11/10/2021 നു നീല അലർട്ടും 12/10/2021 ന് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇന്ന് (15.10.2021) വൈകിട്ട് 5.00 മണിക്ക് റിസർവോയറിന്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയിട്ടുള്ളതിനാൽ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും, ശബരിമല തീർഥാടകരും, ജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും, ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്.

Related posts

Leave a Comment