ശക്തമായ മഴ തുടരും ; പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിനു സമീപത്തെ ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനു പുറമേ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിലായി രൂപപ്പെടുന്ന ന്യൂനമർദം 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ശക്തമായ മഴ തുടരും. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെയുള്ള സമയത്ത് തൊടുപുഴ ആറ് സെ.മീ, കായംകുളം,ചേർത്തല, പിറവം എന്നിവിടങ്ങളിൽ അഞ്ചു സെ.മീ വീതം, നെയ്യാറ്റിൻകര നാല് സെ.മീ, പുനലൂർ, ഹരിപ്പാട്,കുമരകം, വൈക്കം, കൊട്ടാരക്കര മൂന്ന് സെ.മീ വീതം എന്നിങ്ങനെ മഴ ലഭിച്ചു. കേരള തീരത്ത് മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment