കനത്ത മഴ ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.

എറണാകുളം ജില്ലയിൽ തിങ്കളാഴ്ച എല്ലാ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് ഉണ്ടാവുക എന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു. ജില്ലയിൽ നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു.

കേരള, എംജി, ആരോഗ്യ ശാസ്ത്ര സർവകലാശാലകൾ വിവിധ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ നീട്ടിവച്ചു. ഇവ 22ന് ആരംഭിക്കും.ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും സർവകലാശാല അറിയിച്ചു.

Related posts

Leave a Comment