പഞ്ച്ശീറില്‍ കനത്ത പോരട്ടം, ആഭ്യന്തര യുദ്ധം ശക്തമാകുമെന്ന് യുഎസ്

കാബൂള്‍/വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥിനാല്‍ നിന്ന് യുഎസ് സേനാ പിന്മാറ്റം പൂര്‍ണമായതിനു ശേഷം രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കാണു നീങ്ങുന്നതെന്ന് യുഎസ് സേനാ വക്താവ്. വരുംദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാകും. താലിബാനുമായി എതിരിട്ടു നില്‍ക്കുന്ന വടക്കന്‍ പ്രവശ്യയായ പഞ്ച്ശീറില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. താലിബാന്‍ വിരുദ്ധ സംയുക്ത സഖ്യമായ നാഷണല്‍ റെസിസ്റ്റന്‍റ്സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ള ഏക പ്രദേശമാണ് പഞ്ച്ശീര്‍ താഴ്വര. താഴ്വര തങ്ങളുടെ നിയന്ത്രണത്തിലാണെന്നു താലിബാന്‍ അവകാശപ്പെടുമ്പോള്‍, ഇവിടം തങ്ങളുടെ അധീനതയിലാണെന്ന് എന്‍ആര്‍എഫ്എ നേതാവ് അഹമ്മദ് മസൂദ് അവകാശപ്പെട്ടു. തങ്ങള്‍ക്കു പിന്തുണ നല്‍കാന്‍ മസൂദ് ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ ചെറുത്തുനില്‍പിന് അധികം ആയുസുണ്ടാവില്ലെന്ന് യുഎസ് സേനാവൃത്തങ്ങള്‍ പറഞ്ഞു.

പഞ്ച്ശീര്‍ തലസ്ഥാനമായ ബസാറിക്കില്‍ താലിബാന്‍ സേന കടന്നുകയറിയതായി താലിബാന്‍ വക്താവ് ബിലാല്‍ കരീമി അറിയിച്ചു. പ്രവശ്യയില്‍പ്പെട്ട അനബ ജില്ലയിലെ ഒരു ട്രോമ കെയര്‍ ആശുപത്രി താലിബാന്‍ സേനയുടെ നിയന്ത്രണത്തിലാണെന്ന് ഇറ്റാലിയന്‍ എയിഡ് ഗ്രൂപ്പ് എമര്‍ജന്‍സിയെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പഞ്ച്ശീര്‍ മേഖലയില്‍ താലിബാനെതിരേയുള്ള ചെറുത്ത് നില്‍പ് അധികം നീളില്ലെന്നാണ് യുഎസ് ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ അതിഭീകരമായ ആഭ്യന്തര യുദ്ധത്തിലേക്കാണു നീങ്ങുന്നത്. അത് അല്‍ ക്വയ്‌ദയുടെ മടങ്ങിവരവിലേക്കു വരെ മാറിയേക്കാം. അല്ലെങ്കില്‍ ഇപ്പോള്‍ ശക്തരായ ഐഎസ്ഐഎസ് കൂടുതല്‍ ശക്തരാകും. അതുമല്ലെങ്കില്‍ മൂന്നാമതൊരു ഭീകരശക്തി പുതുതായി രൂപപ്പെട്ടേക്കാം- ജനറല്‍ മാര്‍ക്ക് അറിയിച്ചു. ഏതായാലും അഫ്ഗാനിസ്ഥാന്‍ കൊടുംഭീകരതയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിനിടെ, താലിബാന്‍ ഭീകരതയുടെ പുതിയ ചിത്രങ്ങളാണ് ഓരോ മണിക്കൂറിലും അഫ്ഗാനിസ്ഥാനില്‍ നിന്നു വരുന്നത്. ഗര്‍ഭിണിയായ യുവതിയെ നിഷ്കരുണം കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ഈ കൊലപാതകം തങ്ങളല്ല ചെയ്തതെന്നാണ് താലിബാന്‍റെ വിശദീകരണം.

Related posts

Leave a Comment