രാജ്യത്ത് ഉഷ്ണ തരംഗത്തിന് ശമനം ; ചെറിയതോതിൽ മഴ ലഭിക്കും : കേന്ദ്രകാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഉഷ്ണ തരംഗത്തിന് ശമനമായെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.ഡൽഹി, പഞ്ചാഞ്ച്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗം അവസാനിച്ചു. അടുത്ത ഒരാഴ്ചത്തേയ്ക്ക് താപനില ഉയരുകയില്ല. എന്നാൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജസ്ഥാനിലെ ചുരു ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഉഷ്ണ തരംഗം തുടരുകയാണ്.

വരും ദിവസങ്ങളിൽ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. താപനില വർധിച്ചതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. ചൂടു കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ചികിത്സ നടപടികൾ നടപ്പാക്കാനാണ് നിർദ്ദേശം. ഉഷ്ണ തരംഗം നേരിടാൻ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരുന്നു.

ആരോഗ്യ സംവിധാനങ്ങൾ കൃത്യമായി വിലയിരുത്തണം . ഐ വി ഫ്‌ളൂയിഡ്, ഒ ആർ എസ് ലായനി, ഐസ് പാക്കുകൾ എന്നിവ ആശുപത്രികളിലുണ്ടെന്ന് ഉറപ്പ് വരുത്തണം. ജനങ്ങൾ കഴിവതും വീടുകൾക്കുള്ളിൽ കഴിയുക. പുറത്തിറങ്ങുമ്ബോൾ കുടയോ, തൊപ്പിയോ കരുതണം. തൊഴിലിടങ്ങളിൽ കുടിവെള്ളം ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളിൽ തണൽ നൽകാൻ സംവിധാനം വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏപ്രിലിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഏറ്റവുമുയർന്ന ശരാശരി താപനില രേഖപ്പെടുത്തി. കഴിഞ്ഞ 27 കൊല്ലത്തിനിടയിൽ ഏറ്റവുമുയർന്ന ചൂട് ന്യൂഡൽഹിയിൽ രേഖപ്പെടുത്തി. അതേസമയം, ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഞായറാഴ്ച സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ചൂടു സംബന്ധമായ അസുഖങ്ങളിൽ വിശദമായ ദേശീയ ആക്ഷൻ പ്ലാൻ നടപ്പാക്കണമെന്നു നിർദേശിച്ചിരുന്നു.

Related posts

Leave a Comment