ആരോഗ്യ സെക്രട്ടറിയെ അറസ്റ്റ് ചെയ്യേണ്ട സ്ഥിതി; രൂക്ഷ വിമർശനവുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: കോടതി ഉത്തരവുകളെ പോലും ഗൗരവത്തിലെടുക്കാതെ തന്നിഷ്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ രൂക്ഷവിമർശനം. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേയെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയാണെന്നും അതിന് ഉത്തരവിടാത്തത് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്ന് കരുതിയാണെന്നുമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ അബ്ദുൽ റഹീമിന്റെ നിരീക്ഷണം. ഖോബ്രഗഡേയ്ക്ക് എതിരായ കോടതി അലക്ഷ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കോടതി ഉത്തരവുകൾ നിരന്തരം അവഗണിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരേ നിരവധി കോടതി അലക്ഷ്യ ഹർജികൾ ഉണ്ടെങ്കിലും ഒന്നിൽ പോലും മാപ്പ് അപേക്ഷ നൽകാനുളള സാമാന്യ മര്യാദ പോലും കാണിയ്ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ ഒന്നര വർഷത്തിന് മുൻപുള്ള ഉത്തരവ് പോലും ഇതുവരെ പാലിക്കാത്ത ഈ ഉദ്യോഗസ്ഥന്റെ ധാർഷ്ട്യം ഒരു തരത്തിലും അംഗീകരിയ്ക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഉത്തരവിലുടനീളം ഖോബ്രഗഡേയ്ക്ക് എതിരേ നിശിത വിമർശനമാണ് ഉളളത്. ഉദ്യോഗസ്ഥനെ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നതിനുളള നടപടി ക്രമങ്ങൽ പാലിക്കാൻ കേസിൽ കക്ഷി അല്ലാത്ത ചീഫ് സെക്രട്ടറിയക്ക് കോടതി നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയ്ക്ക് കൈമാറാനുളള കോടതി ഉത്തരവ് ട്രൈബൂണൽ രജിസ്ട്രാർ എ. ഷാജഹാനെ കോടതി ചുമതലപ്പെടുത്തി.
കോട്ടയം അതിരമ്പുഴ സ്വദേശി മറിയം ബീവി എന്ന ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സ് ആണ് പരാതിക്കാരി. പാറത്താനം പബ്ളിക് ഹെൽത്ത് സെന്ററിലെ ജീവനക്കാരിയായ മറിയം ബീവിയ്ക്ക് പ്രത്യേക അംഗപരിമിത അവധി നൽകാൻ 2020 മാർച്ചിൽ ട്രൈബൂണൽ നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവാണ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പാക്കാൻ കൂട്ടാക്കാത്തത്. ഖോബ്രഗഡേയ്ക്ക് പുറമെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസാണ് മറ്റൊരു എതിർ കക്ഷി.

Related posts

Leave a Comment