ആരോ​ഗ്യ സെക്രട്ടറി ആളു കളിക്കുന്നു, ഡോക്റ്റർമാർ ഭയക്കരുത്: ഡോ. എസ്.എസ്. ലാൽ

തിരുവനന്തപുരം: കൊവിഡ് മരണക്കണക്കിൽ ഇപ്പോൾ ഇരട്ടിപ്പുണ്ടായതിന്റെ പേരിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് (ഡിഎംഒ) ആരോഗ്യ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടി പ്രതിഷേധാർഹമാണെന്നു ഡോ. എസ്.എസ്. ലാൽ. ഈ നാടകം കണ്ട് ഡി.എം.ഒ മാർ ഭയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് ഭരിക്കുന്നതും വകുപ്പിനെ തെറ്റായി നയിക്കുന്നതും ആരോഗ്യ സെക്രട്ടറിയാണെന്ന് വീണ്ടും തെളിയുകയാണ്.
സെക്രട്ടറി ആരോഗ്യമന്ത്രിയെ പൂർണമായും അവഗണിക്കുകയാണ്.

കേരളത്തിലെ കൊവിഡ് മരണക്കണക്കുകൾ പൂഴ്ത്തി വയ്ക്കാൻ കൂട്ടുനിന്ന ആരോഗ്യ സെക്രട്ടറി കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായിരുന്ന ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇപ്പോൾ നോട്ടീസ് നൽകുന്നത് വിരോധാഭാസമാണ്. ഇതേ ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരുവുകൾ പ്രകാരമാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്. അന്തർദേശീയ മാനദണ്ഡങ്ങളും ഐ.സി.എം.ആർ മാർഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച്‌ കൊവിഡ് മരണങ്ങൾ കുറച്ചു കാണിച്ചതിനും ആ തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്താതെ ന്യായീകരിച്ചതിനും ആരോഗ്യ സെക്രട്ടറിയും കൂടെയുള്ള ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്. ഇവരുടെ ധാർഷ്ട്യം കാരണമാണ് കൃത്യമായ വിവരശേഖരണം പോലും നടക്കാതെ പോയത്.

നിയമ സഭയിൽ പ്രതിപക്ഷ നേതാവ് കൊവിഡ് വിഷയം ഉന്നയിച്ചപ്പോൾ പുതിയ ആരോഗ്യ വകുപ്പ് മന്ത്രിയെക്കൊണ്ട് തെറ്റായ വിശദീകരണം നൽകിച്ചതും ഇതേ ഉദ്യോഗസ്ഥർ തന്നെയാണ്. കള്ളക്കണക്കുകൾ എല്ലാം പൊളിഞ്ഞപ്പോൾ സുപ്രീം കോടതി ഉത്തരവിന്റെ മുന്നിൽ നിൽക്കക്കള്ളിയില്ലാതെ വന്നു. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും കോവിഡ് മരണങ്ങൾ അതത് ആശുപത്രികളിൽ തീരുമാനിക്കാതെ സംസ്ഥാന തലത്തിൽ ഓഡിറ്റിംഗ് കമ്മിറ്റി ഉണ്ടാക്കി കണക്കിൽ വെള്ളം ചേർത്തു. അതിനാൽ മരണത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്തു വന്നപ്പോൾ ഇരട്ടിപ്പ് ഉണ്ടായതിന്റെ ഉത്തരവാദിത്വം ആരോഗ്യ സെക്രട്ടറിക്കാണ്.

ഫണ്ടില്ല എന്ന് പറഞ്ഞ് കോവിഡ് ബ്രിഗേഡിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ പിരിച്ചു വിടാൻ തീരുമാനിച്ചതും ആരോഗ്യ സെകട്ടറിയും കുട്ടരുമാണ്. ഡി.എം.ഒ മാരല്ല അത് ചെയ്തത്. കൊവിഡ് രംഗത്ത് തുടർ പരാജയങ്ങൾക്ക് കാരണമായ ആരോഗ്യ സെക്രട്ടറിയെ മാറ്റാൻ സർക്കാർ തയ്യാറാകണം. അതിന് പുറമെ ആരോഗ്യ വകുപ്പ് ഡയറക്ടറെയും ജില്ലാ മെഡിക്കൽ ഓഫീസർമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഉത്തരവാദിത്വം തിരിച്ചേൽപ്പിക്കുകയും വേണം.

പ്രതിസന്ധികൾക്കിടയിലും ജില്ലകളിലെ കൊവിഡ് പ്രതിരോധം പരമാവധി കാര്യക്ഷമായി നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർമാരെ അകാരണമായി കുറ്റപ്പെടുത്താനുള്ള ആരോഗ്യ സെക്രട്ടറിയുടെ നീക്കങ്ങൾ തടയാൻ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കഴിയണം. രണ്ട് കൊല്ലമായി ഊണും ഉറക്കവുമില്ലാതെ ജോലി ചെയുന്ന ഡോക്ടർമാരെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വിശ്വസിക്കേണ്ടത്. മറിച്ച് ശീതികരിച്ച മുറിയിൽ ഇരുന്ന് കള്ളക്കണക്കുണ്ടാക്കിയ സെകട്ടറിയെയല്ല.

ഡോക്ടർ സുഹൃത്തുക്കളോട് ഒരു വാക്ക്. അശാസ്ത്രീയ തീരുമാനങ്ങൾ ആര് അടിച്ചേല്പിച്ചാലും വഴങ്ങരുത്. നമ്മുടെ പ്രതിബദ്ധത ജനങ്ങളോടാണ്, ഉദ്യോഗസ്ഥരോടല്ല. ഉദ്യോഗസ്ഥർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ അപ്പപ്പോൾ തിരുത്തിക്കാൻ തയ്യാറായില്ലെങ്കിൽ ആരോഗ്യ വകുപ്പ് തന്നെ അപ്രസക്തമാകും. പൊതുജനാരോഗ്യം തകിടം മറിയാൻ അത് കാരണമാകുമെന്നും ഡോ. ലാൽ മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment