ദേഹാസ്വസ്ഥ്യം ; രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി

ചെന്നൈ: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍താരം രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലവേദനയെ തുടര്‍ന്നാണ് താരം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.

എം ആര്‍ ഐ സ്കാനില്‍ രക്തകുഴലുകള്‍ക്ക് പ്രശ്നമുള്ളതായി കണ്ടെത്തിയതോടെയാണ് രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ആരോഗ്യനില ഭദ്രമാണെന്നും രക്തസമ്മര്‍ദ്ദം നേരിയ തോതില്‍ കൂടുകയായിരുന്നു എന്നുമാണ് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

70കാരനായ രജനിയെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മാസ് ലുക്കിലുള്ള രജനീകാന്തിന്റെ കഥാപാത്രത്തിന് വന്‍ വരവേല്പാണ് ആരാധകര്‍ നല്‍കിയത്.

Related posts

Leave a Comment