ഡോക്ടര്‍മാര്‍ക്കെതിരെ അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല ; വിവാദമായതോടെ മറുപടി തിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിന് പിന്നാലെ, അത്തരത്തില്‍ അക്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ നാലിന് രേഖാമൂലം ചോദിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഇന്നലെ നല്‍കിയ മറുപടിയാണ് ഇത്തരത്തില്‍ മന്ത്രി മറുപടി നല്‍കിയത്. മന്ത്രിയുടെ മറുപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ട് മറുപടി തിരുത്താന്‍ നിര്‍ദ്ദേശം നല്‍കി. ഒടുവില്‍, മണിക്കൂറുകള്‍ക്ക് ശേഷം മറുപടി തിരുത്തി ആരോഗ്യമന്ത്രി രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞദിവസം ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു തിരുത്തിയ മറുപടിയില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ശ്രദ്ധയില്‍പെട്ടില്ല എന്ന മറുപടി സഭയില്‍ നല്‍കിയത് ആശയക്കുഴപ്പം മൂലമാണ്. ആരോഗ്യവകുപ്പിലെ രണ്ടുവിഭാഗങ്ങള്‍ ഉത്തരം തയാറാക്കിയതുമൂലം സംഭവിച്ച പിശകാണിത്. തിരുത്തിയ ഉത്തരം സഭയില്‍ വയ്ക്കാന്‍ സ്പീക്കറുടെ അനുമതി തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതിനു നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ എന്നായിരുന്നു സഭയില്‍ മാത്യു കുഴല്‍നാടന്റെ ചോദ്യം. 2012ലെ കേരള ആരോഗ്യ രക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും ആക്ടില്‍ പറയുന്ന ശിക്ഷാനടപടികള്‍ പര്യാപ്തമാണെന്നായിരുന്നു വീണാ ജോര്‍ജ് മറുപടി നല്‍കിയത്. പൊതുജനങ്ങള്‍ക്കിടയില്‍ പത്ര–ദൃശ്യമാധ്യമങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്താനും നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്തുമോ എന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. പുതിയ നിയമ നിര്‍മാണത്തിന്റെ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്.

Related posts

Leave a Comment