സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമെന്ന് ആരോഗ്യ വിദഗ്ധർ.

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമെന്ന് ആരോഗ്യ വിദഗ്ധർ. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ക്ഡൗണും തിരക്ക് കൂട്ടാൻ കാരണമാകുന്നു എന്നാണ് വിമർശനം. സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തി വാക്സിനേഷൻ വേഗത കൂട്ടണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു. ടി പി ആർ കണക്കാക്കുന്ന രീതിയെക്കുറിച്ചും ആക്ഷേപമുണ്ട്. സ്ഥാപനങ്ങൾ തുറക്കുന്ന സമയം കൂട്ടി നൽകി ഒരേസമയം കുറച്ച് ആളുകൾ വരുന്ന രീതിയിലേക്ക് മാറണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. പരിശോധനകളുടെ എണ്ണം അനുസരിച്ച് കൂട്ടാനും കുറയ്ക്കാനും കഴിയുന്ന രോഗ സ്ഥിരീകരണ നിരക്കിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശത്തും നിയന്ത്രണങ്ങൾ തുടരുന്നതിൽ അശാസ്ത്രീയതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്‌ത്‌ മൂന്നാഴ്ച ആയിട്ടും കൂടുതൽ ആളുകളിൽ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയുന്നില്ല എന്നുള്ളതും പ്രശ്നമാണ്. പരിശോധനാ ഫലത്തിന് കാലതാമസം നേരിടുന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണം ഉയരുമ്പോൾ അതീവ കരുതൽ വേണമെന്നും നിർദ്ദേശമുണ്ട്. കൂടുതൽ പേരെ സുരക്ഷിതമാക്കാനുള്ള ഏകമാർഗ്ഗം വാക്സിനേഷൻ ആണെന്നിരിക്കെ അധികവും ആളുകൾ ആശ്രയിക്കുന്ന ചെറുകിട സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ കിട്ടാനില്ല. സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കിയാൽ മാത്രമേ ഉദ്ദേശിച്ച വേഗത്തിൽ വാക്സിനേഷൻ ലക്ഷ്യത്തിലെത്തു എന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment