കോൺ​ഗ്രസ് പട്ടികയും പാളയത്തിലെ കൂടൊഴിയലും യുപി ബിജെപിക്കു വൻതിരിച്ചടി, 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ

ലക്നോ: കോൺ​ഗ്രസിലെ സ്ഥാനാർഥി പ്രഖ്യാപനവും മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള നേതാക്കളുടെ കൂട്ട കൊഴിഞ്ഞു പോക്കും ഉത്തർ പ്രദേശിലെ ബിജെപിയിൽ വൻ പ്രതിസന്ധി തീർക്കുന്നു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിൽ ഒന്നാംഘട്ടത്തിൽ 125 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺ​ഗ്രസിനെ വള്ളപ്പാട് മുന്നിലെത്തിച്ചു. ദളിത്, പിന്നാക്ക, വനിതാ സ്ഥാനാർഥികളാണ് ഏറെയും. 50 പേർ വനിതകളാണ്. സംസ്ഥാനത്തെ കോൺ​ഗ്രസ് ചരിത്രത്തിൽ ആദ്യമാണ് ഇത്രയും ഉയർന്ന വനിതാ പ്രാതിനിധ്യം. ബിജെപിയടക്കം മറ്റൊരു കക്ഷിക്കും ഇത്രയും വലിയ സ്ത്രീ പ്രാതിനിധ്യം ആലോചിക്കാൻ പോലും കഴിയില്ല. ഉന്നാവിലെ അമ്മയെയും സ്ഥാനാർഥിയാക്കിയതിലൂടെ പ്രിയങ്ക നൽകുന്നതു സ്ത്രീസുരക്ഷയ്ക്കുള്ള വലിയ സന്ദേശം തന്നെയാണ്.

അതിനിടെ, കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ. നേരത്തേ റവന്യൂമന്ത്രി സ്വാമി പ്രസാദ് മൗര്യയും വനംമന്ത്രി ധാരാസിംഗ് ചൗഹാനും രാജിവച്ചിരുന്നു. പിന്നാക്കവിഭാഗത്തിൽപ്പെട്ട ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് ഏറ്റവുമൊടുവിൽ രാജിവച്ചത്. ഇന്ന് രാവിലെ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി ഒരു എംഎൽഎ കൂടി രാജിവച്ചിരുന്നു. ഷികോഹാബാദ് എംഎൽഎ മുകേഷ് വെർമയാണ് രാജിവച്ചത്. പിന്നാക്ക സമുദായത്തിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പിന്നാക്കസമുദായത്തിൽപ്പെട്ട നേതാവാണ് ഡോക്ടർ കൂടിയായ മുകേഷ് വർമ. പിന്നാക്ക സമുദായങ്ങളെ യോഗി സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വർമയും രാജി നൽകിയിരിക്കുന്നത്.

”സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിൻറെ പാത ഞങ്ങൾ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കും. ഇനിയും നേതാക്കൾ ബിജെപി വിട്ട് വരും” മുകേഷ് വർമ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരോട് യാതൊരു ആഭിമുഖ്യവും ബിജെപിക്കില്ലെന്ന് രാജിവച്ച ദാരാ സിംഗ് ചൗഹാൻ രാജിക്കത്തിൽ പറയുന്നു. ”വനംപരിസ്ഥിതി വകുപ്പിൻറെ മന്ത്രിയെന്ന നിലയിൽ എൻറെ കാലത്ത് പരമാവധി ആ വകുപ്പിന് വേണ്ടി ഞാൻ പ്രവർത്തിച്ചു. എന്നാൽ അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെ തീർത്തും അവഗണിക്കുന്ന സർക്കാരിൻറെ നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. ദളിത് സംവരണവും മറ്റ് പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണവും കൊണ്ട് കളിക്കുകയാണ് സർക്കാർ. ഇതെല്ലാം പരിഗണിച്ചാണ് ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നത്”, ദാരാ സിംഗ് ചൗഹാൻ പറഞ്ഞു.

ഇതുവരെ ബിജെപി വിട്ട എംഎൽഎമാരും മണ്ഡലവും:

സ്വാമിപ്രസാദ് മൗര്യ – പഡ്രൗന, തൊഴിൽ മന്ത്രി

ദാര സിംഗ് ചൗഹാൻ – മധുബൻ, വനം മന്ത്രി

ധരം സിംഗ് സൈനി – നകുർ, ആയുഷ് മന്ത്രി

ബ്രജേഷ് പ്രജാപതി – തിൻഡ്വാഡ

അവതാർ സിംഗ് ബഡാന – മീരാപൂർ

റോഷൻലാൽ വെർമ്മ – തിൽഹാർ

ഭഗവതി പ്രസാദ് സാഗർ – ബിൽഹൗർ

മുകേഷ് വെർമ്മ – ഷികോഹാബാദ്

വിനയ് ശാക്യ – ബിധുന

ബാല പ്രസാദ് അവസ്തി – മൊഹംദി

ഛത്രപാൽ ഗംഗാദർ – ബഹേരി

ഇതിനിടെ, രവീന്ദ്രനാഥ് ത്രിപാഠി എന്ന എംഎൽഎ രാജിവച്ചതായി അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹമത് നിഷേധിച്ചു. താൻ രാജിക്കത്ത് നൽകിയിട്ടില്ലെന്നും ഇപ്പോഴും ബിജെപിയിൽത്തന്നെയാണെന്നും രവീന്ദ്രനാഥ് ത്രിപാഠി പറയുന്നു. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ തെറ്റായ പ്രതീതിയുണ്ടാക്കുമോയെന്ന് ബിജെപി നേതൃത്വത്തിന് വലിയ ആശങ്കയുണ്ട്. യുപിയിൽ എസ്പിയുമായി സഖ്യത്തിൽ മത്സരിക്കുമെന്നും 13 എംഎൽഎമാരെങ്കിലും ബിജെപിയിൽ നിന്ന് എസ്പിയിലെത്തുമെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചിരുന്നു.

ഉഷാറായി കോൺ​ഗ്രസ്

ഉത്തർപ്രദേശിൽ ഏറ്റവുമാദ്യം സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട കോൺഗ്രസ് അത്യുത്സാഹത്തിലാണ്. ബിജെപി, എസ്പി എന്നീ പാർട്ടികൾ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടാൻ ഒരുങ്ങുന്നതേയുള്ളൂ. അതിന് മുമ്പാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക നേരത്തേ പുറത്തുവിടുന്നത്.

2017-ലാണ് ഏറെ വിവാദക്കൊടുങ്കാറ്റുയർത്തിയ ഉന്നാവ് ബലാത്സംഗക്കേസ് പുറത്തുവന്നത്. ജോലി തേടി എംഎൽഎയുടെ ഓഫീസിലെത്തിയ 19-കാരിയായ പെൺകുട്ടിയെ എംഎൽഎ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരി വെളിപ്പെടുത്തിയത്. കുൽദീപ് സെംഗാറിൻറെ വീടിന് മുന്നിലെത്തി പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് കേസ് ദേശീയശ്രദ്ധയിൽ വരുന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ കുൽദീപ് സെംഗാറിൻറെ സഹോദരൻ ക്രൂരമായി മർദ്ദിച്ച് കൊന്നിരുന്നു. ഇത് വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയർത്തിയത്.

ഇതേത്തുടർന്ന് വലിയ പൊട്ടിത്തെറിയാണ് യുപി ബിജെപിയിലുണ്ടായത്. ഏറെക്കാലം കുൽദീപ് സെംഗാറിനെ സംരക്ഷിച്ച ബിജെപിക്ക് ഒടുവിൽ കേസിൽ കോടതി എംഎൽഎയെ ശിക്ഷിച്ചതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നു. പിന്നീടും പല തവണ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പരാതിയുയർന്നെങ്കിലും അവർ സഞ്ചരിച്ച കാർ ലോറിയുമായി ഇടിച്ച് അപകടമുണ്ടായതോടെ വീണ്ടും കേസ് ദേശീയശ്രദ്ധയിലെത്തി. പെൺകുട്ടി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. പെൺകുട്ടിയെ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സെംഗാർ തന്നെയാണെന്ന് ശക്തമായ ആരോപണങ്ങളുയർന്നു.
ഇങ്ങനെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ദിനേന വാർത്തയായ ഉത്തർപ്രദേശിൽ ഇത് തന്നെയാണ് യോഗി സ‍ർക്കാരിനെതിരെ പ്രധാനപ്രചാരണവിഷയമായി കോൺഗ്രസ് ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത്. നിങ്ങൾ സ്ത്രീയായതുകൊണ്ട് മാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടോ? പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ? കോൺഗ്രസുണ്ട് നിങ്ങൾക്കൊപ്പം – പ്രിയങ്കാ ഗാന്ധി പറയുന്നു. ‘ലഡ്കി ഹൂം, ലഡ് സക്തീ ഹൂം’ (പെൺകുട്ടിയാണ്, പോരാടും) എന്നാണ് കോൺഗ്രസിൻറെ പ്രചാരണമുദ്രാവാക്യം.

Related posts

Leave a Comment