Featured
‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ…’ പുതിയ ഒളിയമ്പുമായി എന്‍. പ്രശാന്ത്ഐഎഎസ്
തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ തുറന്ന വിമര്‍ശനത്തിന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐ.എ.എസ്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ…’ എന്ന തലക്കെട്ടില്‍ പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു! ‘ -എന്നാണ് കുറിപ്പിലുള്ളത്.
2008ല്‍ കോഴിക്കോട് കലക്ടറായിരുന്ന ജയതിലകിനൊപ്പം പ്രബേഷന്‍ അസി. കലക്ടറായിരുന്നു എന്‍. പ്രശാന്ത്. ജയതിലകിനെതിരെ തുടര്‍ച്ചയായ മൂന്നു ദിവസമാണ് രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ഇന്നലെ ആരോപിച്ചത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ജയതിലകിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സി.ബി.ഐ അഴിമതിവിരുദ്ധ ബ്യൂറോ ശിപാര്‍ശ സംബന്ധിച്ച പത്രവാര്‍ത്ത സഹിതമായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.
പ്രശാന്തിനെ കോണ്‍ഗ്രസ് അനുകൂല സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായി ചിത്രീകരിക്കാന്‍ ഇടതുമുന്നണിയില്‍നിന്ന് ശ്രമം തുടങ്ങിയിടുണ്ട്. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മയും മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറുമാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയും അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.
ഐ.എ.എസുകാര്‍ക്കിടയിലെ മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ‘ഉന്നതി’യിലെ ഫയല്‍ സംബന്ധിച്ച് എന്‍. പ്രശാന്തിനെതിരെ വാര്‍ത്തകള്‍ പുറത്തുവന്നത്. ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്നാണ് പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. ഇതിനിടെയാണ് ദീപാവലിയോടനുബന്ധിച്ച് ‘ഹിന്ദു മല്ലു ഓഫിസേഴ്‌സ്’ വാട്‌സ്ആപ് വിവാദം സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവന്നത്. ഇതിലുള്ള പ്രതികാരമായാണ് പ്രശാന്തിനെതിരായ വാര്‍ത്തകളെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രശാന്തിനെതിരെ അഡീഷനല്‍ ചീഫ്‌സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്. ആദ്യ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആഴക്കടല്‍ വില്‍പനയുമായി ബന്ധപ്പെട്ട വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായി ഫോണില്‍ ബന്ധപ്പെട്ട ഇതേ പത്രത്തിലെ വനിത മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല സ്റ്റിക്കര്‍ മറുപടി അയച്ച പ്രശാന്ത് നേരത്തേ വിവാദത്തില്‍പെട്ടിരുന്നു.
അന്ന് ഭാര്യയെ രംഗത്തിറക്കിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ജയതിലകിനെതിരായ മൂന്നാംദിവസത്തെ കുറിപ്പില്‍ പൗരന്റെ ഭരണഘടന അവകാശവും വിസില്‍ ബ്ലോവര്‍ നിയമവും ഉദ്ധരിച്ചുള്ള കുറിപ്പില്‍ താന്‍ നിയമം പഠിച്ചതായും ചട്ടമറിയാമെന്നും പറയുന്നു. ‘പൊതു സൂക്ഷ്മപരിശോധന ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക്കെടുത്ത് ഒരാള്‍ ‘വിസില്‍ ബ്ലോവര്‍’ ആവുന്നത്.സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് ഐ.എ.എസുകാരുടെ സര്‍വിസ് ചട്ടമെന്നും ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ പത്രത്തെയോ വിമര്‍ശിക്കരുതെന്നല്ല എന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു
Featured
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്‍ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്‍മാന്‍ നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണ്.
ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
Alappuzha
തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
Featured
സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ എപ്പിസോഡാണോ ഈ ‘കരുതലും കൈത്താങ്ങു’മെന്ന് ബല്‍റാം ചോദിച്ചു. പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുകയെന്ന് ബല്‍റാം ചോദിച്ചു.
പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട് അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചര്‍ച്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം വിമര്‍ശനം ആരംഭിച്ചത്. വിവാദമായപ്പോള്‍ മന്ത്രി പരാമര്‍ശം പിന്‍വലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ് ഈ മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കല്‍ പരിപാടിയുടെ ഉത്തരവ് കാണുന്നത്.
എന്തൊക്കെ പരാതിക്കാണ് ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട് തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ് ലിസ്റ്റ് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ ഉണ്ട്. രസകരമാണ് അതിലെ കാര്യങ്ങളെന്നും ബല്‍റാം പരിഹസിച്ചു.
വി.ടി. ബല്‍റാമിന്റെ പോസ്റ്റ് പൂര്‍ണരൂപം
പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട് അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചര്‍ച്ച. വിവാദമായപ്പോള്‍ മന്ത്രി പരാമര്‍ശം പിന്‍വലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ് ഈ മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കല്‍ പരിപാടിയുടെ ഉത്തരവ് കാണുന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ എപ്പിസോഡാണെന്ന് തോന്നുന്നു ഈ ‘കരുതലും കൈത്താങ്ങും’ അദാലത്ത്.
ഓരോ താലൂക്കിലും ഈ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് മൂന്ന് ലക്ഷം രൂപ വീതമാണ്. അതൊരു വലിയ തുകയാണെന്ന് പറയാന്‍ വയ്യ. എന്നാല്‍ ഈ പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുക
കേരളത്തില്‍ 77 താലൂക്കുകളിലും പരിപാടി നടക്കുമ്പോള്‍ അവിടെയെല്ലാം ഒരേ തരത്തിലുള്ള പരാതിക്കാരാണ് വരാനുള്ളത്. എണ്ണവും ഏതാണ്ടൊക്കെ ഒരുപോലെ ആയിരിക്കും എന്നനുമാനിക്കാം. അവര്‍ക്കെല്ലാം പന്തലും കസേരയും കുടിവെള്ളവുമൊക്കെയായി ഒരേ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അതില്‍ ആദ്യം നടക്കുന്ന താലൂക്കിലെ പരിപാടിയെ സംസ്ഥാന തല ഉദ്ഘാടനമായി പ്രഖ്യാപിച്ചാല്‍ പോരേഅതല്ലാതെ 23 ലക്ഷത്തോളം രൂപ അവിടെ അധികമായി ചെലവഴിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം എന്തിനാണ്. സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് എന്നതല്ലാതെ പരാതിക്കാരെ സംബന്ധിച്ച് എന്താണ് ഈ സംസ്ഥാന തല ഉദ്ഘാടനത്തിന് പ്രസക്തി
എന്തൊക്കെ പരാതിക്കാണ് ഈ അദാലത്തില്‍ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട് തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ് ലിസ്റ്റ് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ ഉണ്ട്. രസകരമാണ് അതിലെ കാര്യങ്ങള്‍:
1)സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ല.
2)വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസല്‍സ് പാടില്ല.
3)വീടില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കില്ല.
4)ജോലിയുമായോ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ല.
5)കര്‍ഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങള്‍ക്ക് ആശ്വാസം കിട്ടില്ല.
6)പോലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ല.
7)ഭൂമിക്ക് പട്ടയം കിട്ടാത്തവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല.
8)അര്‍ഹതയുണ്ടായിട്ടും ഭൂമി തരം മാറ്റിക്കിട്ടാത്തതിനേക്കുറിച്ച് മിണ്ടാനാവില്ല.
9)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു സഹായവും കിട്ടില്ല.
10)എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചികിത്സക്ക് പോലും സഹായാഭ്യര്‍ത്ഥനയുമായി അദാലത്തിലേക്ക് ചെല്ലണ്ട.
11)സര്‍ക്കാര്‍ ജീവനക്കാര്‍ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴില്‍ പീഡനങ്ങളേക്കുറിച്ചോ പരാതിപ്പെടേണ്ട.
12)സ്വന്തം കിടപ്പാടം ജപ്തി ചെയ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുന്നവര്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട.
പിന്നെ എന്തിനാണ് ഈ പ്രഹസനം!
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login