കോണ്‍ഗ്രസിന്റെ ആദ്യത്തെ രാഷ്ട്രീയ ലൈബ്രറിയ്ക്ക് കൊട്ടാരക്കരയില്‍ നാളെ തിരിതെളിയും ; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കൊല്ലം: ചരിത്ര ഗവേഷകര്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്നരീതിയില്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ രാഷ്ട്രീയ ലൈബ്രറിയ്ക്ക്  കഥകളിയുടെ നാടായ കൊട്ടാരക്കരയില്‍ നാളെ തിരി തെളിയും. കോണ്‍ഗ്രസ് ഓഫീസുകളോട് ചേര്‍ന്ന് ലൈബ്രറിയും റീഡിംഗ് റൂമും വേണമെന്ന കെ പി സി സിയുടെ നിര്‍ദ്ദേശമാണ് നടപ്പാക്കുന്നതെന്ന് ലൈബ്രറിയുടെ ചുമതല വഹിക്കുന്ന ഡി സി സി ജനറല്‍ സെക്രട്ടറി പി ഹരികുമാര്‍ പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് കോണ്‍ഗ്രസ് ഭവനോട് ചേര്‍ന്ന് മഹാത്മ റിസര്‍ച്ച് ലൈബ്രറി തുടങ്ങുന്നത്. വൈകുന്നേരം മൂന്നിന് മുന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാജ്യത്തിന്റെ 75 ാം സ്വാതന്ത്യ വാര്‍ഷിക സ്മാരക ഹാളിനോട് ചേര്‍ന്നാണ് ലൈബ്രറി ഒരുക്കുന്നത്. ചരിത്ര ഗവേഷകരായ ആര്‍ക്കും ഗ്രന്ഥശാലയുടെ സേവനം ലഭിക്കും.
ചരിത്ര പണ്ഡിതന്മാരില്‍ നിന്നും ഗവേഷകരില്‍ നിന്നും പുസ്തകങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചാണ് ഗ്രന്ഥശാലയ്ക്ക് രൂപം കൊടുത്തിരിക്കുന്നതെന്ന് ഹരികുമാര്‍ പറഞ്ഞു. തോപ്പില്‍ രവി ഫൗണ്ടേഷന്‍ അടക്കം നിരവധി സംഘടനകളും വ്യക്തികളും പുസ്തകങ്ങള്‍ ലൈബ്രറിയ്ക്ക് നല്‍കിയിട്ടുണ്ട്.
ഒപ്പം കേരളാ ഫുട്ബോള്‍ താരവും സന്തോഷ് ട്രോഫി നേടിയ ടീം ക്യാപ്ടനുമായ കുരികേശ് മാത്യുവിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് അക്കാദമി, മഹാത്മാ ട്രസ്റ്റ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയ പദ്ധതികളും അന്നേദിവസം ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് അക്കാദമി ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എം.എല്‍.എ.യും വൈബ്സൈറ്റ് ഉദ്ഘാടനം സി.ആര്‍.മഹേഷ് എം.എല്‍.എ.യും നിര്‍വഹിക്കും. ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് പ്രമുഖരെ ആദരിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നവീകരണമെന്ന കെ.പി.സി.സി.യുടെ ലക്ഷ്യത്തിനൊപ്പം ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാര്‍ പ്രചാരണങ്ങളെ ചെറുക്കുകയും ലൈബ്രറിക്കു പിന്നിലെ ലക്ഷ്യമാണെന്ന് സംഘാടകരായ ബി.സുരേന്ദ്രന്‍ നായര്‍, ആര്‍.രാജേഷ് കുമാര്‍, ബി.പ്രദീപ് കുമാര്‍, പി.രാജേന്ദ്രന്‍പിള്ള, നിഥിന്‍ തങ്കച്ചന്‍, എബിന്‍ ജോയി എന്നിവര്‍ പറഞ്ഞു

Related posts

Leave a Comment