ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്നു പരി​ഗണിക്കും

കൊച്ചി: നടൻ ദിലീപിന്റെയും ബന്ധുക്കളുടെയും സുഹൃത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണുക്കും. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ജാമ്യം തേടുന്നത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യഹർജികൾ നൽകിയിട്ടുണ്ട്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാൽ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം. മുൻ‌കൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ബാലചന്ദ്രകുമാർ നൽകിയ മൊഴി പരിശോധിക്കണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹർജിയിൽ ഇന്ന് വരെ 5 പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.

ദിലീപിന്റെ മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത്ത് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ശരത്തിന്റെ വീട്ടിലും സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

Related posts

Leave a Comment