ദത്ത് നൽകൽഃഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി

കൊച്ചി:ദത്ത് നൽകൽ വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുകിട്ടാനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ അനുപമയ്ക്ക് തിരിച്ചടി. ഹർജി പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ തള്ളുമെന്നും ഹൈക്കോടതി അനുപമയോട് പറഞ്ഞു. മറ്റൊരു കേസ് തിരുവനന്തപുരം കുടുംബകോടതിയിൽ നിലനിൽക്കുകയല്ലേ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ കോടതിയിൽ ഹേബിയസ് കോർപ്പസ് നിലനിൽക്കുമെന്നും കോടതി ചോദിച്ചു. കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് നിലവിൽ പറയാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തു.

കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയിൽ 2021 ഒക്ടോബർ 18-ന് മാത്രമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹർജിയിൽ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിക്കുന്നില്ല.

കുടുംബകോടതിയുടെ പരിഗണനയിൽ ആയതുകൊണ്ട് ഈ കേസിൽ സത്വര ഇടപെടലിലേക്കോ നടപടിയിലേക്കോ ഹൈക്കോടതി കടക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടല്ലോ എന്ന് നിരീക്ഷിച്ച കോടതി, കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഹർജി പിൻവലിച്ചുകൂടേ എന്നും ചോദിച്ചു.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ 2020 ഒക്ടോബർ 19-നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ തന്‍റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേ‍ർന്ന് നാലാം ദിവസം കുഞ്ഞിനെ തന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്‍റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹർജിയിൽ ആരോപിക്കുന്നത്. ആശുപത്രി റജിസ്റ്ററിലും ജനനസർട്ടിഫിക്കറ്റിലും കുഞ്ഞിന്‍റെ വിവരങ്ങൾ തെറ്റായാണ് നൽകിയിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു

Related posts

Leave a Comment