കുറുപ്പിന്റെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കുറുപ്പ് സിനിമ കുറ്റവാളി സുകുമാരകുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുമെന്നു കാണിച്ച് സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്. ദുൽഖർ സൽമാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിർമ്മാതാക്കൾക്കാണു ഹൈക്കോടതിയുടെ നോട്ടീസ്.
ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഇന്ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിർമ്മാതാക്കൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിർമ്മാതാക്കളെക്കൂടാതെ ഇൻറർപോളിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് ഉണ്ട്.

സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിൻറെയും കുടുംബത്തിൻറെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹർജിക്കാരൻറെ വാദം. എറണാകുളം സ്വദേശിയാണ് ഹർജി നൽകിയത്. അതേസമയം സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ചിത്രത്തിൻറെ പ്രൊമോഷൻറെ ഭാഗമായി അണിയറക്കാർ പുറത്തിറക്കിയ സ്പെഷൽ ടീ ഷർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

പ്രൊമോഷൻ രീതി ഒരു കുറ്റവാളിയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്നായിരുന്നു വിമർശനത്തിൻറെ കാതൽ. എന്നാൽ ചിത്രം കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നല്ലെന്ന് ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment