വിദ്വേഷ പ്രസം​ഗം ; പിസി ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിലും, വിടി ബൽറാമും

തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വർഗീയപരവുമായ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് നേതാക്കൾ. ഷാഫി പറമ്പിൽ, വി ടി ബൽറാം എന്നിവരാണ് പി സി ജോർജിനെതിരെ രംഗത്തെത്തിയത്. ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബൽറാം പറഞ്ഞു.സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പിൽ തുറന്നടിച്ചു.ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്.
പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, ജനസംഖ്യ വർധിപ്പിച്ച് മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കുന്നു.,പുരോഹിതർ ഭക്ഷണത്തിൽ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോർജ് ആരോപണങ്ങൾ ഉന്നയിച്ചത്. കോൺ​ഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർമരൂപം ചുവടെ

വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി.സി. ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകരമായിരിക്കും. ആ പ്രസംഗത്തിന്റെ വിഡിയോ ഈ വാളിൽ ഇട്ട് കൂടുതൽ പ്രചാരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.

Related posts

Leave a Comment