മുഖ്യമന്ത്രിയുടെ പ്രതികരണം നിര്‍ഭാഗ്യകരം: എം.എം. ഹസന്‍

തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കാര്യകാരണ സഹിതം യുഡിഎഫ് വ്യക്തമാക്കിയതാണ്. ഡോ. എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപസമിതി ഈ പദ്ധതിയെ കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത് സമഗ്രമായി ചര്‍ച്ച ചെയ്ത ശേഷമാണ് യുഡിഎഫ് ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. സാമ്പത്തിക,സാമൂഹിക,പാരിസ്ഥിതിക പഠനം നടത്തുന്നതിന് മുന്‍പാണ് പദ്ധതി നടത്തിപ്പിന് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ ധൃതികാണിക്കുന്നത്.

ഈ പദ്ധതി ഇപ്പോഴത്തെ നിലയ്ക്ക് നടപ്പാക്കിയാല്‍ 2000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുകയും അമ്പതിനായിരത്തോളം കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കുക്കയും 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തുകയും 1000ല്‍പ്പരം മേല്‍പ്പാലം നിര്‍മ്മിക്കേണ്ടിവരും. ഇത് ഒഴിവാക്കിയ ബദല്‍ മാര്‍ഗം കേന്ദ്ര റെയില്‍വെ മന്ത്രാലായം കേരള സര്‍ക്കാരിന് അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി ഉപേക്ഷിച്ച് ഒരു ബദല്‍ പദ്ധതിക്ക് രൂപം നല്‍കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. അതിവേഗ റെയില്‍വെ പദ്ധതി വേണമെന്ന അഭിപ്രായം തന്നെയാണ് യുഡിഎഫിനും. കേരളത്തിനെ രണ്ടായി വിഭജിക്കുന്ന പദ്ധതിക്ക് പകരം വിദഗ്ധരുടെ അഭിപ്രായം തേടുകയും യുഡിഎഫുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണം. യുഡിഎഫ് ഭരണകാലത്തെ എക്‌സ്പ്രസ്സ് ഹൈവയെ എല്‍ഡിഎഫ് അന്ധമായി എതിര്‍ത്തത് പോലെയല്ല, മറിച്ച് അതിവേഗ റെയില്‍വെയ്ക്ക് പരിഷ്‌കരിച്ച ബദല്‍ വേണമെന്നാണ് യുഡിഎഫ് നിലപാടെന്നും കണ്‍വീനര്‍ പറഞ്ഞു.

Related posts

Leave a Comment