ഇന്ത്യയുടെ ദേശീയപതാകയെ ആർ എസ് എസ് അംഗീകരിച്ചിട്ടുണ്ടോ ? ; ലേഖനം വായിക്കാം

പ്രൊഫ റോണി കെ. ബേബി

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എല്ലാവരും അവരുടെ സമൂഹ മാധ്യമ പ്രൊഫൈലുകളിൽ ദേശീയ പതാക ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് വിമുഖത കാട്ടി എന്ന വാർത്ത രാജ്യമെമ്പാടും ചർച്ചയായിരിക്കുകയാണ്. എല്ലായ്‌പ്പോഴും ദേശീയതയെക്കുറിച്ച് പറയുന്ന ആര്‍.എസ്.എസ് തലവൻ എന്തുകൊണ്ടാണ് ദേശീയ പതാകയോട് അനിഷ്ടം കാണിക്കുന്നത് എന്ന് അറിയാനുള്ള ആഗ്രഹം ഇന്ത്യക്കാർക്ക് എല്ലാവർക്കുമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിൽ ത്രിവർണ്ണാംഗിതമായ ദേശീയപതാകയോട് ആർ എസ് എസ് പുലർത്തിയ അതേ എതിർപ്പ് ഇന്നും സംഘടനക്ക് ഉണ്ടോ ? ഉണ്ടെന്നുതന്നെയാണ് മോഹൻ ഭാഗവതിന്റെ അനിഷ്ടത്തിൽനിന്നും മനസ്സിലാക്കേണ്ടത്.

ആർ എസ് എസ് ദേശീയപതാകയെ എതിർക്കുന്നത് എന്തുകൊണ്ട് ?

എന്തുകൊണ്ടാണെന്ന്. ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ആർ എസ് എസ് വാശി പിടിക്കുന്നത്. കാവിക്കൊടിക്കു മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വരുമെന്നായിരുന്നു സ്വാതന്ത്ര്യം പടിവാതിലെത്തി നിന്നസമയത്ത് നാഗ്പ്പൂരിലെ ഗുരുപൂര്‍ണിമാ കൂട്ടായ്മയില്‍ പ്രസംഗിക്കവെ ഗോല്‍വാള്‍ക്കര്‍ ഇന്ത്യയ്ക്കു നല്‍കിയ മുന്നറിയിപ്പ്. രാജ്യം സ്വാതന്ത്ര്യലബ്ധിയില്‍ മതിമറക്കുമ്പോള്‍ ഹിന്ദുക്കള്‍ ദേശീയ പതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ചെയ്തത്. 1947 ഓഗസ്റ്റ് 14 ന് പുറത്തിറങ്ങിയ ഓർഗനൈസർ വളരെ വ്യക്തമായി ഇപ്രകാരം പറയുന്നു. ” വിധിയുടെ ആനുകൂല്യത്തിൽ മാത്രം അധികാരത്തിൽ വന്നവർ നമ്മുടെ കൈകളിലേക്ക് അടിച്ചേൽപ്പിച്ച ത്രിവർണ്ണ പതാക അംഗീകരിക്കാൻ ഒരിക്കലും ഹിന്ദുക്കൾക്ക് കഴിയില്ല . ത്രിവർണത്തിൽ മൂന്ന് എന്ന വാക്കുതന്നെ വലിയ തിന്മയാണ് . മൂന്നു നിറങ്ങളുള്ള പതാക ഒരു ദേശീയ ദുരന്തമാണ് .”

1947 ജൂലൈ 22ന് ആണ് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ ത്രിവർണപതാകയെ ഇന്ത്യയുടെ ദേശീയപതാകയായി അംഗീകരിച്ചത്. എന്നാൽ അന്നുമുതൽ ത്രിവർണപതാകയ്ക്ക് എതിരെ ശക്തമായ നിലപാട് ആയിരുന്നു ആർ എസ് എസ് സ്വീകരിച്ചിരുന്നത് . സ്വാതന്ത്ര്യം കിട്ടി രണ്ടു ദിവസം കഴിഞ്ഞ് 1947 ഓഗസ്റ്റ് 17 ന് ഓർഗനൈസറുടെ എഡിറ്റോറിയൽ ‘ദേശീയപതാക’ എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ കുങ്കുമമിറമുള്ള പതാകയെ ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിക്കണം എന്ന് വീണ്ടും ആർ എസ് എസ് ആവശ്യപ്പെട്ടിരുന്നു . കുങ്കുമപതാക ഇന്ത്യയുടെ ദേശീയപതാക ആക്കണമെന്ന ആവശ്യത്തിനൊപ്പം ‘കുങ്കുമ പതാകയ്ക്ക് പിന്നിലെ രഹസ്യം’ എന്ന പേരിൽ ഓർഗനൈസറിൽ പ്രത്യേക ലേഖനം വരെ പ്രത്യക്ഷപ്പെട്ടു. ത്രിവർണ്ണ പതാകയിലെ മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യാക്കാര്‍ക്കു മാനസികവിഭ്രാന്തികളുണ്ടാക്കുമെന്നും രാഷ്ട്രത്തിനതു ഹാനികരമാകുമെന്നുമൊക്കെ ആര്‍ എസ് എസ് മുഖപത്രം എഴുതി. പതാകയിലെ മൂവ‍ര്‍ണം മൂന്നു മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന വ്യാഖ്യാനമാണ് എതിർപ്പിനു കാരണമായി സംഘടന പറയുന്നത് . 2005 ല്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ വ്യാഖ്യാനം ആർ എസ് എസ് നൽകിയിട്ടുണ്ട്. ജനരോക്ഷത്തെത്തുടർന്ന് 2002 ൽ നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയതിന് ശേഷവും 2005 ൽ വീണ്ടും എതിർപ്പ് പ്രകടിപ്പിക്കുന്നതിന് പിന്നിൽ ഇന്നും സംഘടനക്ക് ദേശീയപതാക സ്വീകാര്യമല്ല എന്ന സന്ദേശമാണ് ഉള്ളത്. ഇപ്പോൾ മോഹൻ ഭാഗവതിന്റെ വിമുഖതക്ക് പിന്നിലുള്ളതും ഇതാണ്.

ജനരോക്ഷത്തെത്തുടർന്നുള്ള നിലപാടുമാറ്റം

1947 ഓഗസ്റ്റ് 14 നും 1950 ജനുവരി 26 നും നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയിരുന്നു. പക്ഷേ പിന്നെയത് നിർത്തിവെച്ചു. ഗാന്ധിവധത്തെത്തുടർന്ന് ആർ എസ് എസ്സിനുമേൽ ചുമത്തപ്പെട്ട നിരോധനം പിൻവലിക്കുന്നതിനുള്ള ഉപാധികളായി ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേൽ ആവശ്യപ്പെട്ടത് ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിക്കണമെന്നായിരുന്നു. എന്നാൽ ഇതിനോട് ആർ എസ് എസ് തുടർന്ന് നിശ്ശബ്‌ദത പാലിക്കുകയാണ് ഉണ്ടായത് . ഇതിനുശേഷം 2001 ജനുവരി 26 ന് രാഷ്ട്രപ്രേമി യുവദൾ എന്ന സംഘടനയിലെ മൂന്ന് ചെറുപ്പക്കാർ നാഗ്പൂരിലെ ആർ എസ് എസ് കേന്ദ്ര കാര്യാലയത്തിൽ അതിക്രമിച്ചുകയറി ബലമായി ദേശീയപതാക ഉയർത്തുകയാണ് ചെയ്തത് . ആർ എസ് എസ്സിന്റെ ദേശീയപതാകയോടുള്ള എതിർപ്പ് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് തങ്ങൾ ബലമായി കാര്യാലയത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയത് എന്നാണ് രാഷ്ട്രപ്രേമി യുവദൾ പ്രവർത്തകരായ ബാബ മെൻദേ, രമേഷ് കലംബേ, ദിലീപ് ചേതാനി എന്നിവർ കോടതിയിൽ പറഞ്ഞത്.

ആർ എസ് എസിന് എതിരേ ഈ വാർത്ത രാജ്യമെമ്പാടും കടുത്ത വിമർശനങ്ങൾക്ക് കാരണമായപ്പോൾ വിമർശകരെ അടക്കിയിരുത്താൻ വേണ്ടിയാണ് ദേശീയപതാക ഉയർത്താൻ സംഘടന നിർദ്ദേശം നൽകിയത്. അന്ന് ആർ എസ് എസ് സർസംഘ ചാലക് ആയിരുന്ന സുദർശൻ വളരെക്കുറച്ച് നേതാക്കളെ മാത്രം വിളിച്ച് ദേശീപതാക ഉയർത്തുകയായിരുന്നു. 2002 ജനുവരി 26 ന് ആയിരുന്നു നീണ്ട 52 വർഷങ്ങൾക്ക് ശേഷം ആർ എസ് എസ് ആസ്ഥാനത്ത് വീണ്ടും ദേശീയപതാക ഉയർന്നത്. നാഗ്പൂരിൽ ആർ എസ് എസിൻ്റെ കാവിക്കൊടി മാത്രമായിരുന്നു അതുവരെ ഉയർത്തിയിരുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ ആർ എസ് എസ്സിന്റെ പങ്ക് എന്ത് ?

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം അത്യാഡംബരപൂർവ്വം ആഘോഷിക്കുമ്പോൾ ആവർത്തിച്ച് ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ 1925 ല്‍ രൂപംകൊണ്ട ആര്‍ എസ് എസ് പങ്കെടുത്തിട്ടുണ്ടോ ? ഏതെങ്കിലുമൊരു ആര്‍ എസ് എസുകാരന്‍ ജയിലില്‍ പോയിട്ടുണ്ടോ ? ലാത്തിയടിയേറ്റു വാങ്ങിയിട്ടുണ്ടോ ? വെടികൊണ്ടിട്ടുണ്ടോ ? തൂക്കുമരത്തിലേറിയിട്ടുണ്ടോ ? ഇല്ല എന്നുതന്നെയാണ് ഉത്തരം . ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ സ്വയംസേവകര്‍ പങ്കെടുക്കാന്‍ പാടില്ലെന്നത് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നയമായിരുന്നു. ആദ്യത്തെ ആർ എസ് എസ് തലവനായിരുന്ന ഹെഡ്‌ഗേവാറുടെ ജീവചരിത്രകാരന്‍തന്നെ ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരസ്ഥലങ്ങളില്‍ ഹെഡ്‌ഗേവാര്‍ പോയിട്ടുള്ളത് സമരത്തില്‍ പങ്കെടുക്കാനെത്തുന്ന ദേശീവാദികളെ ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു. സൈമണ്‍ കമ്മീഷനെതിരെ ലാഹോറില്‍ കരിങ്കൊടി കാണിച്ച് രക്തസാക്ഷിത്വം വരിച്ച ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന ലാലാ ലജ്പത്‌ റായിയെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ആര്‍ എസ് എസിനുള്ളത്.

ലാഹോർ എ ഐ സി സി യുടെ ചരിത്രപ്രസിദ്ധമായ പൂർണ്ണ സ്വരാജ് പ്രമേയത്തിനുശേഷം 1930 ജനുവരി 26 ന് ആയിരക്കണക്കിന് ദേശാഭിമാനികള്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തപ്പോള്‍ അതില്‍ നിന്ന് മാറിനിന്നവരാണ് ആര്‍ എസ് എസുകാര്‍. 1930 ജനുവരി 26 ന് രാജ്യത്തിന്റെ ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ സര്‍ക്കുലറിനെ പിന്തുണക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ പോലും ആര്‍ എസ് എസ് നിര്‍ബന്ധം പിടിച്ചത് അവരുടെ പ്രത്യേക യോഗങ്ങളില്‍ അവര്‍ വന്ദിക്കുന്നത് ത്രിവര്‍ണ്ണപതാകയെ ആവില്ല ദ്വിജ ആകൃതിയിലുള്ള കാവി പതാക ആയിരിക്കും എന്നായിരുന്നു. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിൽ ചേർന്ന കോണ്‍ഗ്രസ് സമ്മേളനം സ്വാതന്ത്ര്യ സമരത്തിന്റെ ഗതിതന്നെ മാറ്റിയ ക്വിറ്റിന്ത്യാ പ്രമേയം പാസ്സാക്കി. രാജ്യമെമ്പാടും മുഴുവൻ കോണ്‍ഗ്രസ് നേതാക്കളും തുറുങ്കുകളിൽ അടക്കപ്പെട്ടു . ഇത് രാജ്യം മുഴുവന്‍ ഇളക്കി മറിക്കുന്ന സംഭവമായി. മറുപടിയായി ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രക്തപങ്കിലമായ അടിച്ചമര്‍ത്തല്‍ നടന്നു. ഔദ്യോഗിക കണക്കുകളിൽ മാത്രം 1060 സ്വാതന്ത്ര്യ ഭടന്മാർ വെടിയേറ്റു മരിച്ചു. പതിനായിരങ്ങൾ അതിക്രൂരമായി വേട്ടയാടപ്പെട്ടു . ആര്‍ എസ് എസ് നേതാക്കന്മാർ അതിനിർണായകമായ ഈ സമയത്ത് സ്വാതന്ത്ര്യപോരാട്ടങ്ങളോട് മുഖം തിരിച്ചു നിന്നു . കഴുമരങ്ങളിൽ സ്വാതന്ത്ര്യ സമര ഭടന്മാരുടെ ശവശരീരങ്ങൾ തൂങ്ങിയാടുമ്പോൾ വി ഡി സവര്‍ക്കര്‍ 1942 സെപ്തംബറില്‍ എല്ലാ ഹിന്ദുമഹാസഭക്കാരും തങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ത്തന്നെയിരുന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു ചെയ്തത്.

രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ പ്രൗഢഗംഭീരമായ ആഘോഷങ്ങൾ അരങ്ങുതകർക്കുമ്പോൾ ഇതൊക്കെ ഓർക്കാതെ ഒരു ദേശസ്നേഹിക്കും കടന്നുപോകാൻ കഴിയില്ല. നന്ദി മോഹൻ ഭഗവത് വീണ്ടും ഇതൊക്കെ ഓർമ്മപ്പെടുത്തിയതിന്.

Related posts

Leave a Comment