മൂന്ന് വര്‍ഷമായിട്ടും പുനരധിവസിപ്പിച്ചില്ല; ദുരിതത്തോട് മല്ലടിച്ച് ആനമലയിലെ പതിനാറ് കുടുംബങ്ങള്‍

വൈത്തിരി: ആദിവാസി ക്ഷേമത്തിനായി കോടികള്‍ ഒഴുക്കുന്ന നാട്ടില്‍ ദുരിതങ്ങളോട് മല്ലടിക്കുന്ന ആനമലയിലെ കുടുംബങ്ങളുടെ കണ്ണീര് കാണാതെ സര്‍ക്കാര്‍. ആനമല കോളനിയിലെ 16 കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡുകളിലെ ദുരിതജീവിതം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ആദിവാസി ക്ഷേമവകുപ്പിന് കീഴില്‍ പൂക്കോട് സ്ഥിതിചെയ്യുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം ആദിവാസികള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയില്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇവിടെ നിര്‍മിക്കുന്ന വീടുകളുടെ പ്രവര്‍ത്തി ട്രൈബല്‍ വകുപ്പിലെ ചില ഉദ്യാഗസ്ഥര്‍ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. എം ആര്‍ എസിന്റെ കൈവശമുള്ള ഭൂമിയില്‍ കുടുംബങ്ങള്‍ അനധികൃതമായി കുടിയേറിയെന്ന് കാണിച്ചാണ് എം ആര്‍ എസിലെ ചിലര്‍ പ്രവര്‍ത്തികള്‍ തടസപ്പെടുത്തിയതെന്നും പറയുന്നു. ഇതിനായി പ്രധാനമന്ത്രിക്ക് വരെ പരാതി കത്തയച്ചതായാണ് വിവരം. എന്നാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്നും ഇറങ്ങാന്‍ സാധിക്കില്ലെന്നുമാണ് കുടുംബങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നത്. കോളനിയിലേക്കുള്ള വഴി പോലും തടസപ്പെടുത്തി സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചതായും കുടുംബങ്ങള്‍ പരാതിപ്പെടുന്നു. ഒരാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ഒരാഴ്ചക്കകം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കുമെന്നും എം ആര്‍ എസിന് 1.40 ഏക്കര്‍ സ്ഥലം മറ്റൊരു സ്ഥലത്ത് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു തുടര്‍നടപടിയുമുണ്ടായിട്ടില്ല. 2018ലെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന 16 കുടുംബങ്ങളെ കോളനി താമസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവോദയ സ്‌കൂളിന് എതിര്‍വശത്തായി അലുമിനിയം ഷീറ്റുകൊണ്ടുള്ള താല്ക്കാലിക ഷെഡുകളിലേക്ക് മാറ്റിയത്. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഷെഡിനു പുറക് വശത്തുള്ള ഭൂമിയില്‍ പുതിയ വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. പല വീടുകളുടെയും നിര്‍മാണം പകുതിയിലധികം പിന്നിട്ടു. ഇതിനിടെയാണ് സ്ഥലം എം ആര്‍ എസിന്റേതാണെന്ന അവകാശവാദവുമായി നിര്‍മാണ പ്രവര്‍ത്തി ട്രൈബല്‍ വകുപ്പിന്റെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തിയത്. ഇതോടെ വീടുകളുടെ നിര്‍മാണവും നിലച്ചു. താല്ക്കാലിക ഷെഡിലേക്കുള്ള എം ആര്‍ എസിന്റെ മുകള്‍വശത്തെ ടാങ്കില്‍ നിന്നാണ് കുടിവെള്ളമെത്തുന്നത്. ഇത് പലപ്പോഴും തടസപ്പെടുത്തുന്നുണ്ടെന്ന് കോളനിവാസിയായ രാജന്‍ പറയുന്നു.

Related posts

Leave a Comment