ഹാരിസൺ കേസ് പിൻവലിക്കലിൽ ദുരൂഹത; റവന്യൂ വകുപ്പ് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി രാജൻ

തിരുവനന്തപുരം: സർക്കാർ ഭൂമി വ്യാജരേഖകൾ ചമച്ച് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഹാരിസൺ മലയാളം പ്ലാന്റേഷനെതിരായ വിജിലൻസ്
കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിൽ അടിമുടി ദുരൂഹത. ഇക്കാര്യത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് റവന്യൂമന്ത്രി കെ. രാജൻ രംഗത്തുവന്നതോടെ സർക്കാർ വെട്ടിലായി. കേസ് പിൻവലിക്കാനുള്ള തീരുമാനം താനോ റവന്യൂ വകുപ്പോ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇന്ന്മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹാരിസണിനെതിരെ റവന്യൂ വകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ ഏഴെണ്ണം കോടതിയിൽ നൽകിയിട്ടുണ്ടെന്നും ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്താണ് ഹാരിസൺ പ്ലാന്റേഷനെതിരെയുള്ള കേസ് പിൻവലിക്കൽ നടപടിയുമായി മുന്നോട്ടുപോകുന്നത്.
സർക്കാരിൻ്റെതാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ആയിരക്കണക്കിനേക്കർ ഭൂമി ഹാരിസൺ കൈവശപ്പെടുത്തിയത് നിയമവിരുദ്ധ നടപടിയാണെന്നാണ് സർക്കാർ നിയോഗിച്ച സമിതികളും അന്വേഷണ സംഘങ്ങളും കണ്ടെത്തിയിരുന്നത്. നിവേദിത പി.ഹരൻ കമ്മീഷൻ, ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, രാജമാണിക്യം എന്നിവരുടെ റിപ്പോർട്ടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് എടുത്തത്. ഹാരിസൺ കമ്പനി വ്യാജരേഖകൾ ചമച്ച് കൃത്രിമ നടപടികൾ സ്വീകരിച്ച് നടത്തിയ കുറ്റകൃത്യങ്ങൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടും ഈ കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടൽ ദുരൂഹമാണെന്നാണ് ആരോപണം. കേസ് പിൻവലിക്കുന്നതിന് പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ റദ്ദാക്കുന്നതിന് വേണ്ടി സുപ്രീം കോടതി വരെ നടത്തിയ ഹാരിസൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നേരിട്ട് ഇടപെട്ട് കേസ് ഒഴിവാക്കാൻ ശ്രമിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Related posts

Leave a Comment