ഹാരിസണ്‍ കേസുകള്‍ പിന്‍ വലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ. ജി.ദേവരാജന്‍

തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ച് ഹാരിസൺ മലയാളം പ്ലാന്റേഷൻ കൈവശം വച്ചിരിക്കുന്ന ഏക്കർ കണക്കിനു ഭൂമി തിരിച്ചുപിടിക്കുന്നതിനായി സർക്കാർ നല്കികയിട്ടുള്ള കേസുകൾ പിൻവലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു മന്ത്രിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.
ഹാരിസന്റെ കൈവശം 76000 ഏക്കർ സർക്കാർ ഭൂമിയുണ്ടെന്നു മുൻ ലാൻഡ് റവന്യു കമ്മീഷണർ നിവേദിത പി. ഹരൺ 2005ൽ കണ്ടെത്തിയിരുന്നു. 2007ൽ ഭൂമി ഏറ്റെടുക്കുന്നതിന് അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയും നിയമവശങ്ങൾ പഠിക്കുന്നതിനു ജസ്റ്റിസ് എൽ. മനോഹരൻ കമ്മീഷനെയും നിയോഗിച്ചു. ഭൂമി സർക്കാർ വകയാണെന്നും ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്നുമായിരുന്നു നിയമോപദേശം. 2010ൽ ഇതു സംബന്ധിച്ചു വീണ്ടും അന്വേഷണം നടത്തിയ അസിസ്റ്റന്റ് ലാൻഡ് റവന്യു കമ്മീഷണർ സജിത്ത് ബാബുവും ഭൂമി സർക്കാരിന്റേതാണെന്നും ഏറ്റെടുക്കാവുന്നതാണെന്നും റിപ്പോർട്ട് നൽകിയിരുന്നു. 1999 മുതൽ സർക്കാർ നിയോഗിച്ച ആറു കമ്മീഷനുകളും ഹാരിസൺ കൈവശം വച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കമ്പനിക്കെതിരായ നടപടികൾ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ ഒന്നും ഹൈക്കോടതിയിൽ നൽകാൻ 2018ൽ പിണറായി സർക്കാർ തയ്യാറായില്ല. അതിന്റെ പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. സ്‌പെഷ്യൽ ഓഫീസർക്ക് ഭൂമി തിരിച്ചെടുക്കാൻ അധികാരമില്ലെന്നായിരുന്നു വിധി. അതേസമയം സർക്കാർ തീരുമാനിച്ചാൽ സിവിൽ കോടതിയിൽ ഉടമസ്ഥാവകാശത്തർക്കം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി ഹാരിസൺ ഉണ്ടാക്കിയ രേഖകൾ വ്യാജമാണെന്ന് ഹൈദരാബാദിലെ ഫോറൻസിക് ലാബിലെ പരിശോധനയിൽ വ്യക്തമായിട്ടും ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ വേണ്ടി എന്തുകൊണ്ടാണ് സർക്കാർ ശ്രമിക്കാത്തതെന്നതും നിലവിലെ കേസുകൾ പിൻവലിക്കാൻ റവന്യൂ വകുപ്പു പോലും അറിയാതെ നീക്കം നടത്തുന്നതും ദുരൂഹമാണ്. കേസുകളുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു ഹാരിസൺ നൽകിയ ഹർജികൾ സുപ്രീംകോടതി പോലും തള്ളിയ സാഹചര്യത്തിൽ നിലവിലെ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനു പിന്നിൽ അഴിമതിയുണ്ടെന്നും ദേവരാജൻ ആരോപിച്ചു.

Related posts

Leave a Comment