ലൈഫ് മിഷനിലും കൈയിട്ടുവാരി; സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തിരിമറി ; സിപിഎം – എ ഐ വൈ എഫ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു

കൊല്ലം : സിപിഎം നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ തിരിമറി നടന്നു .ഇതുമായി ബന്ധപ്പെട്ടു നേതാക്കളായ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. പോരുവഴി അമ്ബലത്തും ഭാഗം സർവീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്ക് സജിത്ത് കുമാർ, അക്കൗണ്ടന്റ് അനൂപ്മുരളീധരൻ എന്നിവരെയാണ് സഹകരണ വകുപ്പ് അസിസ്സ്റ്റന്റ് രജിസ്ട്രാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

2019-ൽ നടന്ന ക്രമക്കേട് ബാങ്ക് ഭരിക്കുന്ന സിപിഎം നേതൃത്വം മൂടിവയ്ക്കുകയായിരുന്നു. ലൈഫ്മിഷൻ പദ്ധതി പ്രകാരം വീടിന് അപേക്ഷ നൽകിയവർക്ക് നിർമാണത്തിന്റെ ഗഡു ലഭിക്കാത്തതിനെ തുടർന്ന് നിരന്തരം നൽകിയ പരാതിയിൽ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പോരുവഴി പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ അക്കൗണ്ടുകൾ ഈ ബാങ്കിലായിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി പലതവണയായി അനുവദിച്ച തുകയാണ് വ്യാജരേഖ ചമച്ച്‌ ഈ രണ്ട് ജീവനക്കാരും ചേർന്ന് കൈക്കലാക്കിയത്.

രണ്ട് വർഷം മുൻപ് നടന്ന അഴിമതി, പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് രണ്ട് വർഷത്തോളം മൂടിവച്ചു. ഇതിനിടെ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടനുവദിച്ചവർ ബാങ്കിൽ എത്തി അന്വേഷണങ്ങൾ പല തവണ നടത്തിയപ്പോഴാണ് തങ്ങൾ ചതിയിൽപ്പെട്ടതായി മനസിലാക്കിയത്. വിശ്വനാഥൻ തമ്ബി അടക്കമുള്ളവർ തട്ടിപ്പിൽ പങ്കാളിയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ചിട്ടി, സ്വർണ പണയം തുടങ്ങിയ ഇടപാടുകളിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം വരും ദിവസങ്ങളിലും തുടരും.

Related posts

Leave a Comment