ശബരിമല പ്രസാദത്തിന് ഹലാൽ ശർക്കര ; കോടതി റിപ്പോർട്ട് തേടി ; തീർത്ഥാടകരുടെ എണ്ണം കുറഞ്ഞിട്ടും വൻതോതിൽ ശർക്കരയും മറ്റും വാങ്ങിയതിൽ ദുരൂഹത

കൊച്ചി: ഹലാൽ ശർക്കര ശബരിമല പ്രസാദത്തിന് ഉപയോഗിച്ചതിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി റിപ്പോർട്ട് തേടി.

ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. ആർ കുമാർ നൽകിയ ഹർജിയാലാണ് ഹൈക്കോടതിയുടെ കോടതി ഇടപെടൽ. അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ശർക്കര പാക്കറ്റുകളിൽ ഹലാൽ മുദ്രയുണ്ടായിരുന്നുവെന്ന് ദേവസ്വം ബോർഡ് കോടതിയെ സമ്മതിച്ചു. തുടർന്ന് സ്പെഷ്യൽ കമ്മീഷണർ നാളെ റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങൾ ശബരിമലയിൽ ഉപയോഗിയ്ക്കാൻ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോർഡ് ലംഘിച്ചിരിക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാൽ മുദ്രപതിച്ച ശർക്കര കുറഞ്ഞ വിലയ്ക്ക് ബോർഡിന് ലഭിച്ചത്. ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര ഉപയോഗിച്ച്‌ പ്രസാദം നിർമ്മിച്ചത് ഗുരുതരമായ കുറ്റമാണ്. ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിയ്ക്കണമെന്നും എസ്. ജെ. ആർ കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹലാൽ ശർക്കരയാണ് ശബരിമലയിലെ പ്രധാന വഴിപാടായ അരവണയും ഉണ്ണിയപ്പവും നിർമിക്കാനുപയോഗിച്ചത്. ദേവന് നിവേദിക്കാനുള്ള നൈവേദ്യം തയ്യാറാക്കാനും ഹലാൽ ശർക്കരതന്നെ ഉപയോഗിച്ചതായി ഭക്തർ ആശങ്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം കരാർ നൽകിവാങ്ങിയ ലക്ഷക്കണക്കിന് കിലോ ഹലാൽ ശർക്കര ഉപയോഗിക്കാതെ സന്നിധാനത്തും പമ്ബയിലുമുള്ള സംഭരണശാലകളിലുണ്ട്.

ഈ തീർത്ഥാടനകാലത്തിനു മുൻപ് നടത്തിയ പരിശോധനയിൽ ഈ ശർക്കര ഉപയോഗയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര നശിപ്പിച്ചുകളയാതെ ദേവസ്വം ബോർഡ് വാങ്ങിയതിനേക്കാൾ കുറഞ്ഞവിലയ്ക്ക് വിൽക്കുകയാണ്. പൂനെ ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയാണ് ശർക്കര എത്തിച്ചത്. കിലോയ്ക്ക് മുപ്പത്തിഅഞ്ചുരൂപയിലേറെ വില നൽകിയാണ് ഇത്‌വാങ്ങിയത്.

ഇതിന്റെ പകുതിവിലയ്ക്കും താഴെയാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തീർത്ഥാടനക്കാലം ആരംഭിക്കും മുൻപേ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ശബരിമലയിൽ ഭക്തരുടെ എണ്ണം നാമമാത്രമായി പരിമിതപ്പെടുത്തിയിട്ടും പ്രസാദനിർമാണത്തിന് വൻതോതിൽ ശർക്കരയും മറ്റും വാങ്ങിയതിൽ ദുരൂഹതയുണ്ട്. ഉപയോഗിക്കാതെ ശേഖരിച്ചുവച്ചാൽ ഉപയോഗയോഗ്യമല്ലാതാകും എന്നറിയാമായിട്ടും വൻതോതിൽ വാങ്ങിയതിനുപിന്നിൽ അഴിമതിയുണ്ടോ എന്നും സംശയമുണ്ട്

Related posts

Leave a Comment